ബ്രാന്‍ഡ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; വ്യൂവര്‍ഷിപ്പില്‍ റെക്കോഡ് വീണ്ടും മറികടന്ന് ഒരു ചെന്നൈ മാച്ച്
Cricket news
ബ്രാന്‍ഡ് എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്; വ്യൂവര്‍ഷിപ്പില്‍ റെക്കോഡ് വീണ്ടും മറികടന്ന് ഒരു ചെന്നൈ മാച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 17th April 2023, 11:59 pm

ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ആരധാകരുള്ള ടീം തങ്ങളാന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. 2023ലെ ഐ.പി.എല്‍ വ്യൂവര്‍ഷിപ്പില്‍ തങ്ങളുടെ തന്നെ റെക്കോര്‍ഡ് ചെന്നൈ പിന്നെയും മറികടന്നു. 2.4 കോടി ആളുകളാണ് ജിയോ സിനിമയിലൂടെ റോയല്‍ ചലഞ്ചേഴ്‌സ് ബെഗളൂരുവിനെതിരായ മത്സരം തത്സമയം കണ്ടത്. 2023ലെ ഏറ്റവും വലിയ വ്യൂവര്‍ഷിപ്പാണിത്.

നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരായി ചെന്നൈയുടെ മത്സരവും 2.2 കോടി പ്രേക്ഷകര്‍ കണ്ടിരുന്നു. റണ്‍മഴ പെയ്ത ബെംഗളൂരുവിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ ധോണിപ്പട തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. എട്ട് റണ്ണിനാണ് ആര്‍.സി.ബിയെ വീഴ്ത്തിയത്. ആകെ 444 റണ്‍സ് പിറന്ന മത്സരം 33 സിക്സറും 24 ബൗണ്ടറിയും കണ്ടു. ഈ ആവേശം തന്നെയാണ് വ്യൂവര്‍ഷിപ്പിലും പ്രതിഫലിച്ചത്.

അദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ ബാറ്റര്‍മര്‍ തകര്‍ത്തടിച്ച് 226 എന്ന കൂറ്റന്‍ സ്‌കോറിലെത്തുകയായിരുന്നു. തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബിക്ക് തുടക്കം ഒന്ന് പിഴച്ചെങ്കിലും വിജയത്തിന്റെ അടുത്ത് വരെ എത്തുന്ന പ്രകടനം കാഴ്ചവെക്കാനായി.

ചെന്നൈ നിരയില്‍ ഡെവോണ്‍ കോണ്‍വെ, ശിവം ദുബെ എന്നിവരും ആര്‍.സി.ബി നിരയില്‍ ഗ്ലെന്‍ മാക്്‌സ്‌വെല്ലും ഫാഫ് ഡു പ്ലെസിസുമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അടിച്ചു തകര്‍ത്തത്.

വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറാനും ചെന്നെക്കായി. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവുമായി ആറ് പോയിന്റാണ് ചെന്നൈക്കുള്ളത്.