ബെംഗളൂരു: ജാതീയതക്കും ബ്രാഹ്മണിസത്തിനുമെതിരായ ട്വീറ്റുകളുടെ പേരില്‍ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്ത് പൊലീസ്.
ചേതന്റെ ട്വീറ്റ് ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക ബ്രാഹ്മണ ബോര്‍ഡ് ചെയര്‍മാന്‍ എച്ച്.എസ്. സച്ചിദാനന്ദ മൂര്‍ത്തിയാണ് പുതിയ പരാതി നല്‍കിയത്. അള്‍സൂര്‍ പൊലീസാണ് പുതിയ പരാതിയില്‍ കേസെടുത്തിട്ടുള്ളത്.
ജൂണ്‍ ആറിന് അംബേദ്കറുടെയും പെരിയാര്‍ ഇ.വി. രാമസ്വാമിയുടെയും വാക്കുകള്‍ ട്വീറ്റ് ചെയ്ത ചേതന്‍ പിന്നീട് ജാതീയതക്കും ബ്രാഹ്മണിസത്തിനുമെതിരെ തുടര്‍ച്ചയായ ട്വീറ്റുകളുമായി രംഗത്തുവരികയായിരുന്നു. താന്‍ ബ്രാഹ്മണര്‍ക്കെതിരല്ലെന്നും ബ്രാഹ്മണിസം തീര്‍ക്കുന്ന ജാതീയതക്കെതിരാണെന്നുമായിരുന്നു ചേതന്റെ പ്രതികരണം.
നേരത്തെ വിപ്ര യുവ വേദികെ ഭാരവാഹി പവന്‍ കുമാര്‍ ശര്‍മയുടെ പരാതിയിലും ഇതേട്വീറ്റിന്റെ പേരില്‍ ബെംഗളൂരു ബസവനഗുഡി പൊലീസ് കേസെടുത്തിരുന്നു. ഇരു പരാതിയിലും ഐ.പി.സി 153 ബി, 275 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മുന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ജാമ്യമില്ലാതെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണിവ.
അതേസമയം, ഭാഷ വിവേചനത്തിനെതിരെ നടക്കുന്ന ചര്‍ച്ചക്ക് തുടക്കമിട്ട് മറ്റൊരു ട്വീറ്റുമായി ചേതന്‍ രംഗത്തെത്തി. എട്ടാം ഷെഡ്യൂള്‍ പ്രകാരമുള്ള 22 ഭാഷകളും കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു പുതിയ ട്വീറ്റ്. ദേശീയ ഭാഷ എന്നൊന്നില്ല എന്ന് പറഞ്ഞാണ് ചേതന്‍ ട്വീറ്റ് ചെയ്തത്.