തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ വീണ്ടും കേസ്. ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടഞ്ഞതിനും അതീവ സുരക്ഷാ മേഖലയായ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിനുമാണ് പുതിയ കേസ്.
നിരോധിത മേഖലയായ വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം നടത്താന്‍ പാടില്ലെന്ന ഉത്തരവ് മറികടന്നായിരുന്നു സുരേന്ദ്രന്റെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടന്നത്. ആളുകളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയത് സുരേന്ദ്രനാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ശബരിമല അക്രമസംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് നെയ്യാറ്റിന്‍കര തഹസില്‍ദാരെ ഉപരോധിച്ച കേസില്‍ കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു.
പത്തനംതിട്ട കോടതിയാണ് ജാമ്യം അനുവദിച്ചത്. സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്റെ ജാമ്യേപേക്ഷ കോടതി പരിണിക്കുകയാണ്. ഇന്നലെ കേസ് പരിഗണിച്ച പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍ മുന്‍പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
മകന്റെ കുട്ടിയുടെ ചോറൂണിന് എത്തിയ തൃശൂര്‍ സ്വദേശി ലളിതയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കെ. സുരേന്ദ്രനെതിരെ ഉള്ളത്. ഈ കേസില്‍ 13 ാം പ്രതിയാണ് സുരേന്ദ്രന്‍. പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ സുരേന്ദ്രന് കണ്ണൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. പക്ഷേ ഗൂഢാലോചന കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തിറങ്ങാനായിരുന്നില്ല.
കെ.സുരേന്ദ്രനെ ഇന്നലെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചിരുന്നു. സുരേന്ദ്രന്റെ വാഹനമെത്തിയപ്പോള്‍ പൂക്കള്‍ വിതറിയും ശരണംവിളിച്ചുമായിരുന്നു പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
കൊട്ടാരക്കര ജയിലില്‍നിന്നാണ് സുരേന്ദ്രനെ തിരുവനന്തപുരത്തെത്തിച്ചത്. കണ്ണൂരില്‍നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചതില്‍ ഗൂഢാലോചനകുറ്റം ചുമത്തിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്.
ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ സഹകരിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പറഞ്ഞിട്ടേ പോകൂവെന്ന് പറഞ്ഞ് സുരേന്ദ്രന്‍ പൊലീസിനോട് തട്ടിക്കയറിയിരുന്നു. ഈ സമയത്ത് കൂടിനിന്ന ബിജെപി പ്രവര്‍ത്തകരും ബഹളം വെച്ചു. കോഴിക്കോട്ട് നിന്ന് ഉച്ചയോടെയാണ് കെ.സുരേന്ദ്രനെ കൊട്ടാരക്കര ജയിലിലെത്തിച്ചത്.