|

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി; ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരാഴ്ചക്കിടെ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ വീണ്ടും കേസ്. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്ത്.

കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം എ.എച്ച്. ഹഫീസ് നല്‍കിയ പരാതിയിലാണ് നടപടി. തനിക്കെതിരെ ഷാജന്‍ സ്‌കറിയ വ്യാജവാര്‍ത്ത നല്‍കിയെന്നും ഇതിനെ മുന്‍നിര്‍ത്തി 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് ഹഫീസിന്റെ പരാതിയില്‍ പറയുന്നത്.

കൊലക്കേസില്‍ പ്രതികളായ ചിലരെ മുണ്ടക്കയത്തുള്ള ഒരു ബേക്കറിയില്‍ താന്‍ ഒളിപ്പിച്ചുവെന്ന രീതിയിലാണ് മറുനാടന്‍ വാര്‍ത്ത നല്‍കിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഓഗസ്റ്റ് 24ന് 34 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ പണമുള്ള ഒരാള്‍ക്ക് താന്‍ ആവശ്യപ്പെട്ട 15 ലക്ഷം രൂപ തരാൻ കഴിയില്ലല്ലേ എന്നും കാണിച്ചുതരാമെന്നും ഭീഷണിപ്പെടുത്തിയതായും ഹഫീസ് പറയുന്നു.

നിലവില്‍ ഹഫീസ് നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തത്. നേരത്തെ ശ്രീനിജന്‍ എം.എല്‍.ക്കെതിരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയത്തില്‍ ഷാജന്‍ സ്‌കറിയ അറസ്റ്റിലായിരുന്നു.

ശ്രീനിജിന്റെ പരാതിയില്‍ എളമക്കര പൊലീസാണ് ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത ഉടനെ തന്നെ ഷാജന്‍ സ്‌കറിയയെ വിട്ടയക്കുകയും ചെയ്തിരുന്നു.

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആക്രമിക്കുകയാണെന്നും വ്യാജവാര്‍ത്തകള്‍ പുറത്ത് വിടുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ശ്രീനിജന്‍ എം.എല്‍.എ പരാതി നല്‍കിയത്.

ഷാജന്‍ സ്‌കറിയയെക്കൂടാതെ ഓണ്‍ലൈന്‍ ചാനലിന്റെ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ. റിജു എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

Content Highlight: Another case against Shajan Scaria

Video Stories