| Friday, 4th October 2024, 10:55 am

ഫോണ്‍ ചോര്‍ത്തല്‍ പരാമര്‍ശം; പി.വി. അന്‍വറിനെതിരെ വീണ്ടും കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വറിനെതിരെ വീണ്ടും കേസ്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മഞ്ചേരി പൊലീസിന്റേതാണ് നടപടി. ഒഫീഷ്യല്‍ സീക്രട്ട് ആക്ട്, ഐ.ടി ആക്ട് പ്രകാരമാണ് പി.വി. അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്.

അരീക്കോട് എം.എസ്.പി ക്യാമ്പില്‍ വെച്ച് ഫോണ്‍ ചോര്‍ത്തിയെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. വിവരങ്ങള്‍ ചോര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിനെതിരെ എസ്.ഒ.ജി കമാന്‍ഡന്റ് നല്‍കിയ പരാതിയിലാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്. മലപ്പുറം എസ്.പിയായിരുന്ന സുജിത്ത് ദാസിന്റെയും എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെയും അറിവയോടെയാണ് ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

നേരത്തെ ഫോണ്‍ ചോര്‍ത്തിയെന്ന പരാതിയില്‍ അന്‍വറിനെതിരെ കേസെടുത്തിരുന്നു.കറുകച്ചാല്‍ പൊലീസിന്റേതാണ് നടപടി.ജാമ്യമില്ല വകുപ്പ് പ്രകാരമായിരുന്നു കേസ്.

കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസെടുത്തത്. ഫോണ്‍ ചോര്‍ത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നായിരുന്നു എഫ്.ഐ.ആര്‍.

അന്‍വറിന്റെ നീക്കം മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഫോണ്‍ ചോര്‍ത്തി ദൃശ്യമാധ്യമത്തിലൂടെ പ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് എഫ്.ഐ.ആര്‍. സംസ്ഥാന പൊലീസ് മേധാവിക്ക് കോട്ടയം സ്വദേശി നേരത്തെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കറുകച്ചാല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതിക്കാരന്‍ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

ഫോണ്‍ ചോര്‍ത്തി വിവരങ്ങള്‍ പുറത്തുവിട്ട് സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കാനാണ് പി.വി. അന്‍വര്‍ ശ്രമിച്ചതെന്നായിരുന്നു മൊഴി. എന്നാല്‍ പി.വി. അന്‍വര്‍ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിനെ സസ്പെന്‍ഡ് ചെയ്തത്.

Content Highlight: Another case against PV Anvar

We use cookies to give you the best possible experience. Learn more