Kerala News
മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവം; പി.സി. ജോര്‍ജിനെതിരെ വീണ്ടും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 05, 05:22 pm
Tuesday, 5th July 2022, 10:52 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി. ജോര്‍ജിനെതിരേ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഐ.പി.സി 509 വകുപ്പ് ചുമത്തി മ്യൂസിയം പൊലീസാണ് കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പി.സി ജോര്‍ജ് പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി.

കൈരളി ടി.വിയിലെ മാധ്യമപ്രവര്‍ത്തക ഷീജക്ക് നേരെയായിരുന്നു പി.സി ജോര്‍ജിന്റെ മോശം പെരുമാറ്റമുണ്ടായത്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തെയായിരുന്നു പി.സി. ജോര്‍ജ് അധിക്ഷേപിച്ചിരുന്നത്.

പീഡന കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞ പി.സി. ജോര്‍ജിനോട് പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് നിയമ വിരുദ്ധമല്ലേ എന്ന കൈരളി റിപ്പോര്‍ട്ടര്‍ ഷീജയുടെ ചോദ്യത്തിന്, ‘പിന്നെ തന്റെ പേരാണോ പറയേണ്ടത് എന്ന്’ പറഞ്ഞാണ് പി.സി. ജോര്‍ജ് അപമാനിച്ചത്.

ഇതോടെ വിരല്‍ ചൂണ്ടി, മര്യാദയ്ക്ക് സംസാരിക്കണം എന്നായിരുന്നു ഷീജ മറുപടിനല്‍കിയത്. പീഡനക്കേസില്‍ അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം.