മുകേഷിനെതിരെ വീണ്ടും കേസ്; ഹോട്ടലിൽ വെച്ച് അപമര്യദയായി പെരുമാറിയെന്ന് ആരോപണം
national news
മുകേഷിനെതിരെ വീണ്ടും കേസ്; ഹോട്ടലിൽ വെച്ച് അപമര്യദയായി പെരുമാറിയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2024, 2:49 pm

കൊച്ചി: നടനും എം.എൽ.എയുമായ മുകേഷിനെതിരെ വീണ്ടും കേസ്.  2011 ൽ നടന്ന സംഭവത്തിന്മേലാണ് കേസ് എടുത്തിരിക്കുന്നത്. ഹോട്ടലിൽ വെച്ച് അപമര്യദയായി പെരുമാറിയെന്ന നടിയുടെ പരാതിക്ക് പിന്നാലെ തൃശ്ശൂർ വടക്കാഞ്ചേരിപൊലീസ് സ്റ്റേഷനിലാണ് കേസ് എടുത്തത് .

ഭാരതീയ ന്യായ സംഹിത 354 , 294 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഉടൻ തന്നെ നോട്ടീസ് നൽകി മുകേഷിനെ വിളിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിന്റെ തുടർ നടപടികൾ പ്രത്യേക അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തിയ  ശേഷം ആയിരിക്കുമെന്നും വടക്കാഞ്ചേരി പൊലീസ് കൂട്ടിച്ചേർത്തു.

 

മുകേഷിനെതിരെ നടി ഉയർത്തിയ പരാതിയുടെ പിന്നാലെയാണ് പുതിയ ആരോപണം ഉയരുന്നത്. ആരോപണം ഉന്നയിച്ച നടി പ്രത്യേക അന്വേഷണ സംഘത്തിന് രഹസ്യ മൊഴി നൽകുകയായിരുന്നു. 2011ൽ ഓട്ടുപാറ എങ്കക്കാട് റെയിൽവേ ഗേറ്റ് പരിസരത്തെ റെസിഡൻസിയിൽ താമസിക്കുമ്പോൾ മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്ന്  പരാതി ഉന്നയിച്ച നടി എസ്.ഐ.ടി ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ് .ഐ.ആർ ഇട്ട് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

അമ്മയിൽ അംഗത്വം വേണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് പറഞ്ഞെന്നാണ് പരാതി. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് നടി പറഞ്ഞു.

എം.എൽ.എയുമായ മുകേഷിന്റെ അറസ്റ്റ്  എറണാകുളം ജില്ലാ സെഷൻ കോടതി തടഞ്ഞിരുന്നു. മുകേഷിന്റെ ഹരജിക്ക് പിന്നാലെയാണ് കോടതി അറസ്റ്റ് തടഞ്ഞത്. സെപ്റ്റംബർ മൂന്ന് വരെ അറസ്റ്റ് ഉൾപ്പടെയുള്ള തുടർ നടപടികളൊന്നും പാടില്ലെന്ന് കോടതി വ്യക്തമാക്കി.

 

 

 

Content Highlight: Another case against Mukesh; Allegation of indecent behavior at the hotel