[]മുംബൈ:വനിതാ ജീവനക്കാരിയെ അപമാനിച്ചുവെന്ന കേസില്‍ കുറ്റാരോപിതനായ ബഹ്‌റൈന്‍ നയതന്ത്രജ്ഞനെതിരെ വീണ്ടും പരാതി.
ബഹ്‌റൈന്‍ കൗണ്‍സില്‍ ജനറല്‍ മുഹമ്മദ് അഹ്ദുല്‍ അസീസ് ഖ്വാജക്കെതിരെ നേരത്തേ പരാതി നല്‍കിയ വനിതാ ജീവനക്കാരി തന്നെയാണ് രണ്ടാമതും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.
രണ്ടാമതൊരു പരാതി കൂടി ഖ്വാജക്കെതിരെ ലഭിച്ചിട്ടുണ്ടെന്നും ഈ പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ക്ക് തെളിവായി ശബ്ദരേഖകളും പരാതിക്കാരി സമര്‍പ്പിച്ചിട്ടുണ്ടെന്നും എ.സി.പി കൃഷ്ണപ്രകാശ് അറിയിച്ചു.
ഓഫീസില്‍ വച്ച് പരാതിക്കാരിയായ ജീവനക്കാരിയെ ചൂണ്ടി അസഭ്യം പറഞ്ഞുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
സൗത്ത് മുംബൈ സൊസൈറ്റിയുടെ വനിതാ മാനേജരാണ് ഖ്വാജക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
നേരത്തേ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും സ്പര്‍ശിച്ചുവെന്നും കാണിച്ച് ഉദ്യോഗസ്ഥ പരാതിയില്‍ നല്‍കിയിട്ടുണ്ടായിരുന്നു.
എന്നാല്‍ ഉന്നതര്‍ക്കിടയിലുള്ള സ്വാധീനം മൂലം ഖ്വാജയ്‌ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനായിരുന്നില്ല.
അപമാനിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍ കൂടാതെ ഖ്വാജ അനാവശ്യമായി തന്റെ ഓഫീസില്‍ സൂക്ഷ്മ പരിശോധന നടത്തിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഖ്വാജക്കെതിരെ ഇന്ത്യന്‍ പീനല്‍കോഡ് 354, 509, 504 വകുപ്പുകള്‍ പ്രകാരം മലബാര്‍ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഖ്വാജയെ പെട്ടെന്ന് അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് അന്ന് പോലീസുദ്യോഗസ്ഥര്‍ പറഞ്ഞത്.