പൂവാലന്‍മാരെ തെരുവില്‍ നേരിട്ട അമൃതയ്‌ക്കെതിരെ വീണ്ടും കേസ്
Kerala
പൂവാലന്‍മാരെ തെരുവില്‍ നേരിട്ട അമൃതയ്‌ക്കെതിരെ വീണ്ടും കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd February 2013, 8:00 am

തിരുവനന്തപുരം: തന്നെ അപമാനിക്കാന്‍ ശ്രമിച്ച സംഘത്തെ തെരുവില്‍ നേരിട്ട അമൃതയ്‌ക്കെതിരെ മ്യൂസിയം പോലീസ് വീണ്ടും കേസെടുത്തു.

അമൃതയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്ന മനോജ് ലാലിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കോടതി നിര്‍ദേശം.[]

ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് ടി.എ. രാമചന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് പോലീസ് കേസെടുത്തത്. പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്ന മനോജ് ലാലിനെ പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.

അനൂപിന്റെ പരാതിയിന്മേല്‍ പോലീസ് അമൃതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. അന്യായമായി തടഞ്ഞുവയ്ക്കല്‍, ദേഹോപദ്രവം ഏല്പിക്കല്‍, അസഭ്യം പറയല്‍, കുറ്റകൃത്യത്തിനായി ഒത്തുചേരല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അമൃതയ്‌ക്കെതിരെ ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.

അമൃത, അച്ഛന്‍ മോഹന്‍കുമാര്‍, സുഹൃത്ത് റമോണ, അച്ഛന്‍ വില്യം, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.  അമൃതയ്‌ക്കെതിരെ പരാതിനല്‍കിയ അനൂപിനെയും മാനേജ്‌ലാലിനെയും താത്കാലിക ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

അതേസമയം  അമൃതയ്‌ക്കെതിരെ കോടതിനിര്‍ദേശ പ്രകാരമെടുത്ത കേസിന്റെ അന്വേഷണം അടിയന്തരമായി പൂര്‍ത്തീകരിച്ച് യഥാര്‍ഥസ്ഥിതി കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി.

ശംഖുമുഖത്ത് വനിതാ ശാക്തീകരണ കൂട്ടായ്മയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന അമൃതയും കുടുംബവും തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോഴാണ് സമീപത്ത് നിന്ന നാല് യുവാക്കള്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയത്.

ആദ്യം കാര്യമാക്കാതിരുന്ന അമൃത പൂവാലന്മാരുടെ കമ്മന്റുകള്‍ അതിരുവിടാന്‍ തുടങ്ങിയപ്പോള്‍ കമന്റടിച്ചയാളിന്റെ അടുത്തെത്തി കുനിച്ച് നിര്‍ത്തി മുതുകിനിട്ട് കണക്കിന് കൊടുത്തു. തടയാനെത്തിയ മറ്റ് മൂന്ന് പേര്‍ക്കും കിട്ടി ബ്ലാക്ക് ബെല്‍റ്റ് അമൃതയില്‍ നിന്ന് കണക്കിന് ഇടി.

ഭക്ഷണം കഴിക്കാനെത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയായിരുന്നു അമൃതയുടെ ഇടി. ഭക്ഷണം കഴിക്കാന്‍ പോകുന്നവര്‍ ഒന്നും വിചാരിക്കരുതെന്നും താന്‍ പൂവാലന്മാരെ കൈകാര്യം ചെയ്യാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് നല്‍കിയായിരുന്നു തല്ല്.

അമൃത ഇടി തുടങ്ങിയതോടെ വഴിയാത്രക്കാരും ഇടപെട്ടു. പിന്നീട് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംസ്ഥാനകളരി ചാമ്പ്യനും കരാട്ടെ ബ്ലാക്ക്‌ബെല്‍ട്ടുമാണ് അമൃത. എന്‍.സി.സി എയര്‍വിങ് ക്യാപ്റ്റന്‍ കൂടിയാണ് അമൃത.