പരിശോധനയ്‌ക്കെതിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ടു; പിടിച്ചെടുത്തതില്‍ 2.25 കോടിയുടെ 2000 രൂപ നോട്ടുകളും
Daily News
പരിശോധനയ്‌ക്കെതിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ടു; പിടിച്ചെടുത്തതില്‍ 2.25 കോടിയുടെ 2000 രൂപ നോട്ടുകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th December 2016, 7:38 pm

plastic-currency


ഉദ്യോഗസ്ഥര്‍ക്ക് നേരെ വീട്ടു കാവല്‍ക്കാരിയായ വൃദ്ധ നായ്ക്കളെ അഴിച്ച് വിടുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിനുള്ളിലേക്ക് കടക്കാന്‍ നായകള്‍ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല. 


ബംഗളൂരു: കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ നായ്ക്കളെ അഴിച്ചുവിട്ടു. വടക്കന്‍ ബംഗുളൂരുവിലെ യശ്വന്ത്പുരയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം.

ഉദ്യോഗസ്ഥര്‍ക്ക് നേരെ വീട്ടു കാവല്‍ക്കാരിയായ വൃദ്ധ നായ്ക്കളെ അഴിച്ച് വിടുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിനുള്ളിലേക്ക് കടക്കാന്‍ നായകള്‍ ഉദ്യോഗസ്ഥരെ അനുവദിച്ചില്ല.

നായയെ അഴിച്ചുവിട്ടതോടെ താല്‍ക്കാലികമായി പിന്‍വാങ്ങിയ ഉദ്യോഗസ്ഥര്‍ പിന്നീട് പൊലീസിന്റെയും പരിസരവാസികളുടെയും സഹായത്തോടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ 2.89 കോടി രൂപ പിടിച്ചെടുത്തു. ഇതില്‍ 2.25 കോടി രൂപയും പുതിയ 2000 രൂപാ നോട്ടുകളാണ്. സംഭവത്തില്‍  ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.


അപ്പാര്‍ട്ട്‌മെന്റിലെ രഹസ്യ അറയില്‍ പണം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധനയ്‌ക്കെത്തിയത്. വൃദ്ധയായ സ്ത്രീയും രണ്ട് പട്ടികളും മാത്രമാണ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ കണ്ടയുടനെ ഇവര്‍ പട്ടികളെ അഴിച്ചു വിടുകയായിരുന്നു.

പൊലീസിന്റെ സഹായത്തോടെ  ഉദ്യോഗസ്ഥര്‍ അപ്പാര്‍മെന്റിനുള്ളില്‍ പ്രവേശിച്ചെങ്കിലും ഒരു മുറി പൂട്ടിയ നിലയിലായിരുന്നു. ഇത് തുറന്നതോടെയാണ് അനധികൃമായി സൂക്ഷിച്ച പണം കണ്ടെത്തിയത്.


എന്നാല്‍ വൃദ്ധ ഇവിടെയുള്ള കാവല്‍ക്കാരി മാത്രമാമെന്നും പണം മറ്റൊരാളുടേതാണെന്നും പൊലീസ് പറഞ്ഞു. ഇയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന പണമാണ് ഇതെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേര് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല.