പാട്ന: ഒരിടവേളക്ക് ശേഷം ബീഹാറിൽ വീണ്ടും പാലം തകർന്നു. ബീഹാറിലെ വൈശാലി ജില്ലയിലെ പഹർപൂർ ഗ്രാമത്തിലാണ് പാലം തകർന്നത്. സംഭവത്തിൽ ആളപായമൊന്നുമില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജൂണിന് ശേഷം ബീഹാറിൽ നടക്കുന്ന പതിനഞ്ചാമത്തെ പാലം തകർച്ചയാണിത്.
പാലം തകർന്നതോടെ രാഘോപൂർ ഈസ്റ്റ്, രാഘോപൂർ വെസ്റ്റ് പഞ്ചായത്തുകൾ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെടുകയും 20,000 ത്തോളം ആളുകളെ ഇത് ബാധിക്കുകയും ചെയ്തു. അതോടൊപ്പം ജില്ലാ ആസ്ഥാനത്തേക്കുള്ള പ്രവേശനം തടസ്സപ്പെടുകയും ചെയ്തു.
രാഷ്ട്രീയ ജനതാദൾ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിൻ്റെ നിയമസഭാ മണ്ഡലത്തിലാണ് പഹാർപൂർ ഗ്രാമം. യാദവിൻ്റെ അമ്മ റാബ്‌റി ദേവി ബിഹാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പാലം നിർമിച്ചത്.
തകർന്ന പാലം 20 വർഷം മുമ്പ് നിർമിച്ചതായിരുന്നെന്നും 2021ൽ കുറച്ച് കാലം അടച്ചിട്ടിരുന്നെന്നും ജില്ലാ ഭരണകൂടം മാധ്യമങ്ങളോട് പറഞ്ഞു.
‘എം.എൽ.എ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നിർമിച്ച പാലം 2021ൽ പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്നു. അന്ന് ചെറിയ കേടുപാടുകൾ പാലത്തിന് സംഭവിച്ചിരുന്നു. ശനിയാഴ്ച പാലം പൂർണ്ണമായും തകരുകയായിരുന്നു,’ പ്രാദേശിക ജില്ലാ ഭരണകൂടം പറഞ്ഞു.
ജില്ലയിലെ മറ്റ് ഭാഗങ്ങളിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കാൻ സർക്കാർ ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്ന് രാഘോപൂർ നിവാസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
‘ഞങ്ങളുടെ എം.എൽ.എ തേജസ്വി യാദവിൻ്റെ പ്രതിനിധിയെയും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെയും ഞങ്ങൾ അറിയിച്ചിട്ടുണ്ട്. പക്ഷെ ഇക്കാര്യത്തിൽ ഇതുവരെയും അദ്ദേഹം ഒന്നും ചെയ്തിട്ടില്ല.’ രാഘോപൂർ ഈസ്റ്റിലെ താമസക്കാരനായ വിനോദ് യാദവ് പറഞ്ഞു.
ഈ വർഷം നിരവധി പാലങ്ങൾ തകർന്നതിന് ബീഹാർ സാക്ഷ്യം വഹിച്ചിരുന്നു. നിർത്താതെ പെയ്യുന്ന മഴയിൽ സരൺ ജില്ലയിൽ ജൂൺ ആദ്യവാരം കുറഞ്ഞത് മൂന്ന് പാലങ്ങളെങ്കിലും തകർന്നിരുന്നു.
സിവാൻ , മധുബാനി , അരാരിയ , ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് ജില്ലകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർന്ന് ഈ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒരു ഉന്നതതല സമിതിയെ സംസ്ഥാന സർക്കാർ രൂപീകരിച്ചിരുന്നു.
ജൂൺ 22 ന് ദരൗണ്ട മേഖലയിൽ പാലത്തിൻ്റെ ഒരു ഭാഗം തകർന്നിരുന്നു. മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ബീഹാറിൽ അടുത്തിടെ പൂർത്തിയാക്കിയതും നിർമാണത്തിലിരിക്കുന്നതും പഴയതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് ആവശ്യപ്പെട്ട് ഒരു പൊതുതാത്പര്യ ഹരജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബീഹാറിൽ നിർമാണത്തിലിരിക്കുന്ന മൂന്ന് പ്രധാന പാലങ്ങളും മറ്റ് നിരവധി പാലം തകർച്ചകളും ഉണ്ടായതിനാൽ വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര പരിഗണന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ ബ്രജേഷ് സിംഗ് ആണ് പൊതുതാത്പര്യ ഹരജി സമർപ്പിച്ചത്.
തുടർന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അവലോകന യോഗം നടത്തുകയും ശേഷം സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളും സർവേ ചെയ്യാനും അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ കണ്ടെത്താനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിട്ടുണ്ടായിരുന്നു.
ബീഹാറിലെ പാലങ്ങളുടെ അറ്റകുറ്റപ്പണി നയങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ ഉടൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി എടുത്തുപറഞ്ഞിരുന്നു.
Content Highlight: Another bridge collapses in Bihar, 15th such incident since June