പാട്ന: ബീഹാറിൽ വീണ്ടും പാലം തകർന്നു. ബീഹാറിലെ സിവാൻ ജില്ലയിൽ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. പതിനഞ്ച് ദിവസത്തിനുള്ളിൽ തകരുന്ന ഏഴാമത്തെ പാലമാണിത്. സിവാനിലെ ദിയോറ ബ്ലോക്കിലുള്ള പാലമാണ് തകർന്നത്. നിരവധി ഗ്രാമങ്ങളെ മഹാരാഞ്ജ്‌ഖഞ്ചുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകർന്ന് വീണത്.
ഇത് വരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ സിവാനിൽ തകരുന്ന രണ്ടാമത്തെ പാലമാണിത്. പാലം തകർന്നതിന്റെ കൃത്യമായ കാരണം അന്വേഷിച്ച് വരികയാണെന്ന് ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ മുകേഷ് കുമാർ പറഞ്ഞു. ബ്ലോക്കിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇതിനകം സ്ഥലത്തെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഡിയോറിയ ബ്ലോക്കിലെ പാലത്തിന്റെ ഒരു ഭാഗം ഇന്ന് രാവിലെ തകർന്നു കൃത്യമായ കാരണം ഇതുവരെ അറിയില്ല. ബ്ലോക്കിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട് ഞാനും അങ്ങോട്ട് പോകുന്നുണ്ട്.
പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പ്രാഥമിക വിവരം അനുസരിച്ച് 1982 -83ലാണ് പാലം പണി കഴിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പാലത്തിൽ അറ്റകുറ്റ പണികൾ നടന്നിരുന്നു,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് പാലം തകർന്നതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗണ്ഡകി നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് വർധിച്ചതും പാലത്തിന്റെ തകർച്ചക്ക് കാരണമാകാമെന്ന് ഗ്രാമവാസികൾ പറഞ്ഞു.
11 ദിവസം മുമ്പ് സിവാനിലെ മറ്റൊരു പാലം തകർന്നതിന് പിന്നാലെയാണ് ഈ സംഭവം. ഇത് ബീഹാറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകൾ കൂട്ടുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജൂൺ 22 ന് ദരൗണ്ട മേഖലയിൽ പാലത്തിൻ്റെ ഒരു ഭാഗം തകർന്നിരുന്നു. മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതോടെ സംഭവങ്ങളെക്കുറിച്ച് ഊർജ്ജിതമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് സർക്കാർ.
Content Highlight: another bridge collapsed in Bihar