| Friday, 16th March 2018, 12:26 pm

എന്‍.ഡി.എക്കെതിരെ കൂടുതല്‍ പാര്‍ട്ടികള്‍; അവിശ്വാസ പ്രമേയത്തിന് പിന്തുണയുമായി സി.പി.ഐ.എം, എ.ഐ.ഡി.എം.കെ, ആം ആദ്മി തുടങ്ങിയവരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കൂടുതല്‍ പാര്‍ട്ടികള്‍. നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ച ടി.ഡി.പിക്കും കോണ്‍ഗ്രസിനും പിന്നാലെ സി.പി.ഐ.എം, എ.ഐ.ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയവരും പിന്തുണയുമായി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും പിന്തുണ കൊടുത്തേക്കും.

ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വെള്ളിയാഴ്ച ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെ പിന്തുണക്കുമെന്ന് കോണ്‍ഗ്രസും എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ച ടി.ഡി.പിയും നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കൂടുതല്‍ പാര്‍ട്ടികള്‍ പിന്തുണയുമായെത്തിയത്. എന്‍.ഡി.എ സര്‍ക്കാരിനെതിരെയുള്ള ആദ്യ അവിശ്വാസ പ്രമേയമാണിത്.


Read Also: ‘കീഴാറ്റൂരില്‍ കര്‍ഷക സമരം സി.പി.ഐ.എം തകര്‍ത്തെങ്കില്‍ അതും ഫാസിസം’; ബി.ജെ.പിയുടേതുപോല്‍ ഇതും എതിര്‍ക്കപ്പെടേണ്ടതെന്നും പ്രകാശ് രാജ്


നോട്ടീസ് അനുമതിക്ക് കുറഞ്ഞത് 50 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. കോണ്‍ഗ്രസിന് ലോക്സഭയില്‍ 48 എം.പിമാരുണ്ട്. ടി.ഡി.പിക്ക് 16 എം.പിമാരും. എ.ഐ.ഡി.എം.കെയ്ക്ക് 37, വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും 9 വീതം, എ.ഐ.എം.ഐ.എമ്മിന് ഒന്ന് എന്നിങ്ങനെയാണ് അംഗബലം.

അതേസമയം, ടി.ഡി.പി മുന്നണി വിട്ടതോടെ എന്‍.ഡി.എ ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം 20 ആയി കുറഞ്ഞു. ലോക്സഭയില്‍ 315 അംഗങ്ങള്‍ മാത്രമേ ഇപ്പോള്‍ എന്‍.ഡി.എയ്ക്കുള്ളൂ. ബി.ജെ.പിയോട് ഇടഞ്ഞ് നില്‍ക്കുന്ന ശിവസേന കൂടെ മുന്നണി വിട്ടാല്‍ അത് 297 ലേക്കെത്തും.


Read Also: ‘ദുരന്തത്തില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ഇത് ആവശ്യമാണ്’; ടി.ഡി.പിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് മമത ബാനര്‍ജി


അതേസമയം, പ്രതിപക്ഷ കക്ഷികള്‍ മുഴുവന്‍ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചാലും കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകള്‍ ബി.ജെ.പിക്ക് ലോക്‌സഭയിലുണ്ട്. എന്നാല്‍ പ്രതിപക്ഷം ഒന്നിച്ച് നില്‍ക്കുന്നത് ഭാവിയില്‍ ബി.ജെ.പിയുടെ മുന്നേറ്റങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തും.


Watch DoolNews Special Report: വയനാട്ടില്‍ നിന്നും ആദിവാസിക്കുട്ടികള്‍ അടിമപ്പണിക്കായി വില്‍ക്കപ്പെടുന്നു

We use cookies to give you the best possible experience. Learn more