കൊളംബോ: ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം. ശ്രീലങ്കയിലെ മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്തെ പുഗാഡയിലാണ് സംഭവം. ഇന്നാണ് സ്‌ഫോടനം നടന്നത്.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം. പുഗാഡ കോടതിക്ക് സമീപത്തായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തെ മാലിന്യ കൂമ്പാരത്തില്‍ നിന്നാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. ആര്‍ക്കും പരിക്ക് പറ്റിയില്ലെന്ന് പൊലീസ് അറിയിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനം നടത്തിയ. ഏഴ് ഭീകരരില്‍ രണ്ടു പേര്‍ ശ്രീലങ്കയിലെ പ്രമുഖ വ്യാപാരി മുഹമ്മദ് യൂസഫ് ഇബ്രാഹിമിന്റെ മക്കളായ ഇസ്മത്ത് അഹ്മദ് ഇബ്രാഹീം(33), ഇല്‍ഹം അഹമ്മദ് ഇബ്രാഹീം (31) എന്നിവരാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊളംബൊയിലെ സിന്നാമണ്‍ ഗ്രാന്‍ഡ്, ഷാന്‍ഗ്രില ഹോട്ടലുകളിലാണ് ഇരുവരും പൊട്ടിത്തെറിച്ചതെന്നും ഹോട്ടലുകളിലെ ഭക്ഷണശാലയില്‍ സ്ഫോടക വസ്തുക്കളുമായി കയറി ഇവര്‍ സ്ഫോടനം നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മക്കളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും എന്നാല്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രില്‍ 22 ന് മുമ്പ് ശ്രീലങ്കയില്‍ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രില്‍ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോര്‍ട്ട്.
ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്. അഞ്ഞൂറിലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലുമാണ്.’ന്യൂസിലാന്‍ഡ് വെടിവെപ്പിന് തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ പകരം വീട്ടിയതാണെന്നു കരുതുന്നതായി ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി റുവാന്‍ വിജെവര്‍ധെനെ പറഞ്ഞിരുന്നു.