ഇസ്താംബൂള്‍: കുഞ്ഞ് അയ്‌ലന്‍ കുര്‍ദിയുടെ ഓര്‍മകളില്‍ നിന്ന് ലോകം മുക്തമാകും മുമ്പെ മറ്റൊരു കുഞ്ഞിന്റെ ജീവനറ്റ ശരീരം കൂടി തുര്‍ക്കി തീരത്തെത്തി. പശ്ചിമ തുര്‍ക്കിയിലെ കടല്‍ത്തീരത്താണ് നാലുവയസ്സുകാരിയായ സിറിയന്‍ പെണ്‍കുട്ടിയുടെ മൃതദേഹം ഒഴുകിയെത്തിയിരിക്കുന്നത്.
ബാലികയുടെ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്ത തുര്‍ക്കിയുടെ ഔദ്യോഗിക മാധ്യമം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഈജിയണ്‍ പട്ടണമായ സെസ്മിക്കടുത്തുള്ള കടല്‍ത്തീരത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഗ്രീക്ക് ദ്വീപായ ഷിയോസിലേക്കു പോയ ബോട്ട് മുങ്ങിയിരുന്നു. ഈ ബോട്ടില്‍ യാത്ര ചെയ്ത കുട്ടിയുടെ മൃതദേഹമാണ് തീരത്തെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പതിനഞ്ചു സിറിയക്കാരായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ പതിനാലു പേരെയും തുര്‍ക്കി തീരസംരക്ഷണ സേന രക്ഷപ്പെടുത്തിയിരുന്നു.
സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളുമായി ഗ്രീക്ക് ദ്വീപായ കൊസാങ്കിലേക്കുപോയ ബോട്ട് മുങ്ങിയായിരുന്നു അയ്‌ലന്‍ കുര്‍ദി മരിച്ചത്. ഈ കുഞ്ഞിന്റെ മരണം ലോകത്തെ കരയിച്ചിരുന്നു. ഈ കുട്ടി മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നതിനെ തുടര്‍ന്ന് അഭയാര്‍ത്ഥികളോടുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാടില്‍ മാറ്റം വരികയും ചെയ്തിരുന്നു.