നെതന്യാഹുവിന്റെ വീടിന് നേരെ വീണ്ടും ആക്രമണം; ഇത്തവണ പതിച്ചത് ഫ്‌ളാഷ് ബോംബ്
World News
നെതന്യാഹുവിന്റെ വീടിന് നേരെ വീണ്ടും ആക്രമണം; ഇത്തവണ പതിച്ചത് ഫ്‌ളാഷ് ബോംബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th November 2024, 3:25 pm

ടെല്‍ അവീവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ഫ്‌ളാഷ് ബോംബ് ആക്രമണം. സിസറിയയിലുള്ള നെതന്യാഹുവിന്റെ വേനല്‍ക്കാല വസതിക്ക് നേരെയാണ് ഇന്നലെ (ശനിയാഴ്ച്ച) രണ്ട് ഫ്‌ളാഷ് ബോംബുകള്‍ പതിച്ചത്.

എന്നാല് ബോംബുകള്‍ ഗാര്‍ഡന്‍ ഏരിയയില്‍ പതിച്ചതിനാല്‍ ആക്രമണത്തില്‍ നാശനഷ്ടടങ്ങള്‍ ഒന്നും ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബോബുകള്‍ പതിക്കുമ്പോള്‍ നെതന്യാഹുവും കുടുംബവും വീട്ടില്‍ ഇല്ലായിരുന്നു.

അതേസമയം ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രഈല്‍ പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് പറഞ്ഞു. ഇറാനും അതിന്റെ പ്രോക്‌സി ഗ്രൂപ്പുകളും എല്ലാ സീമകളും ലംഘിച്ചെന്നും ഈ വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തുമെന്നും കാറ്റ്‌സ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ മാസവും സമാനമായി നെതന്യാഹുവിന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് ലെബനനില്‍ നിന്ന് വിക്ഷേപിച്ച ഡ്രോണ്‍ വഴിയാണ് ആക്രമണം നടത്തിയത്. പൊട്ടിത്തെറിയില്‍ വസതിയുടെ ജനല്‍ച്ചില്ലുകള്‍ അടക്കം തകര്‍ന്നിരുന്നു. എന്നാല്‍ അന്നും നെതന്യാഹുവും ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നില്ല.

വീടിന് നേരെയുണ്ടായ ആക്രമണത്തെതുടര്‍ന്ന് മകന്‍ അവ്നേറിന്റെ വിവാഹം നെതന്യാഹു മാറ്റിവെച്ചിരുന്നു. അവ്‌നേറിന്റെ വിവാഹം നവംബര്‍ 26ന് ടെല്‍ അവീവിന്റെ വടക്കുള്ള ഷാരോണ്‍ മേഖലയിലെ റോണിറ്റ് ഫാമില്‍ വെച്ച് നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വിവാഹം നടത്തിയാല്‍ അത് പരിപാടിയില്‍ പങ്കെടുക്കുന്ന അതിഥികളുടെ ജീവനുള്‍പ്പെടെ ഭീഷണിയാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം മാറ്റിയത്.

അതേസമയം ഇസ്രഈല്‍ സൈന്യം ലെബനനിലും ഗസയിലും ആക്രമണം ശക്തമാക്കുകയാണ്. കഴിഞ്ഞ ദിവസം ലെബനനില്‍ മാത്രമായി ഒരു ദിവസം കൊണ്ട് 145 ബോബാക്രമണങ്ങള്‍ നടന്നതായി ലെബനീസ് അധികൃതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇതിന് പുറമെ റഫയിലും ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രഈല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 15 ഫലസ്തീനികള്‍ കൊലപ്പെട്ടിരുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍, മുഖംമൂടി ധരിച്ചെത്തിയ ഇസ്രഈലി കുടിയേറ്റക്കാര്‍ ബെയ്റ്റ് ഫുറിക് ഗ്രാമത്തിലേക്ക് കടന്നുകയറി ഫലസ്തീനികളുടെ വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.

Content Highlight: Another attack on Netanyahu’s house; This time it was a flash bomb