ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ വീണ്ടും ആക്രമണം; കൊടിയുമായെത്തിയ ബി.ജെ.പി പ്രവര്‍ത്തകരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് രാഹുല്‍ ഗാന്ധി
ദിസ്പുര്‍: അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ നടന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലേക്ക് ഇറങ്ങിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കൊടിയുമായി എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ സഞ്ചരിക്കുന്ന വാഹന വ്യൂഹത്തെ തടഞ്ഞുവെക്കുകയുണ്ടായി. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രവര്‍ത്തകരുടെ ഇടയിലേക്ക് രാഹുല്‍ ഇറങ്ങിച്ചെല്ലുകയായിരുന്നു.
അതേസമയം ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ വീണ്ടും ആക്രമണം ഉണ്ടായതായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. താന്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച ശേഷം വാഹനത്തിലേക്ക് വെള്ളമൊഴിക്കാന്‍ ശ്രമിച്ചുവെന്നും ജയറാം രമേശ് വ്യക്തമാക്കി.
ആക്രമണത്തിന് പിന്നില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആണെന്നും പ്രതിഷേധക്കാര്‍ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വാഹന വ്യൂഹത്തിനടുത്തേക്ക് എത്തിയതെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ ടീമിനെതിരെയും ആക്രമണം ഉണ്ടായതായി ജയറാം രമേശ് ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരെ പിടിച്ചുവെക്കാനും മര്‍ദിക്കാനും ക്യാമറകള്‍ കൈക്കലാക്കാനും പ്രതിഷേധക്കാര്‍ ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. ഇതിന് പിന്നില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണെന്നും ഇത്തരം ഭീഷണികളില്‍ തങ്ങള്‍ ഭയപ്പെടുകയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസവും ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ആക്രമണം നടന്നിരുന്നു. നിലവില്‍ ഭാരത് ജോഡോ യാത്ര അസമില്‍ എത്തിയതിന് പിന്നാലെ ഹിമന്ത ശര്‍മയുമായി രാഹുല്‍ ഗാന്ധി വാക്ക് പോരില്‍ ഇരിക്കവെയാണ് ഈ ആക്രമണം. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് ഹിമന്തയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.
ആക്രമണത്തില്‍ ശക്തമായ നടപടി ആവശ്യപ്പെടുമെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
Content Highlight: Another attack on Bharat Jodo Nyay Yatra