| Wednesday, 1st January 2025, 12:52 pm

മണിപ്പൂരില്‍ കടന്ദ്ബന്ദ് പ്രദേശത്ത് വീണ്ടും ആക്രമണം; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കടങ്ബന്ദ് മേഖലയില്‍ വീണ്ടും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ ഒരു മണിയോടെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ താഴ്‌വാര പ്രദേശമായ കടന്ദ്ബന്ദ് പ്രദേശത്ത്, കാങ്‌പോക്പി ജില്ലയില്‍ നിന്നുള്ള ആളുകളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമികള്‍ താഴ്‌വരയിലേക്ക് കുന്നിന്‍ മുകളില്‍ നിന്നും നിരവധി തവണ വെടിവെച്ചതായും ബോംബെറിഞ്ഞതായുമാണ് പൊലീസ് പറയുന്നത്.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി. തീപ്പിടുത്തമുണ്ടായ സ്ഥലത്ത് ഗ്രാമത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തീയണച്ചുവെന്നും സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ആക്രമണം ഉണ്ടായതോടെ കച്ച എന്ന പ്രദേശത്ത് താമസിക്കുന്ന ആളുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായും പൊലീസ് അറിയിക്കുകയുണ്ടായി.

ഇന്നലെ മണിപ്പൂരിലെ ജനങ്ങളോട് മുഖ്യമന്ത്രി ബിരേന്‍ സിങ് മാപ്പ് ചോദിച്ചിരുന്നു. നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് ഈ വര്‍ഷം ഉണ്ടായതെന്നും അടുത്ത വര്‍ഷത്തോടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം മെയിലാണ് മണിപ്പൂരിലെ സ്ഥിതിഗതികള്‍ വഷളാവുന്നത്. അന്നുമുതല്‍ ഈ വര്‍ഷം അവസാനം വരെ 200ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഈ വര്‍ഷം നവംബര്‍ ഏഴിന് ജിരിബാമില്‍ യുവതി കൊല്ലപ്പെട്ടതോടുകൂടിയാണ് വീണ്ടും സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

അനുദിനം കലാപം വര്‍ധിച്ചുവന്നിട്ടും മണിപ്പൂരിന് നീതി ലഭിച്ചിരുന്നില്ല. നിലവിലും കേന്ദ്രസര്‍ക്കാര്‍ മണിപ്പൂരിനോട് കണ്ണടയ്ക്കുന്ന സമീപനം തന്നെയാണ് സ്വീകരിച്ചുപോരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന്  2023 മെയ് മുതല്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഇതുവരെ സന്ദര്‍ശനമൊന്നും ഉണ്ടായിട്ടില്ല.

Content Highlight: Another attack in Katandband area in Manipur; Report

We use cookies to give you the best possible experience. Learn more