| Sunday, 2nd June 2019, 8:10 am

കല്‍ബുര്‍ഗി വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; ആയുധങ്ങള്‍ കൈമാറിയ സംഘത്തിലെ ആളെന്ന് നിഗമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗ്‌ളൂരു: കന്നഡ സാഹിത്യകാരന്‍ കല്‍ബുര്‍ഗി വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക ബെലാഗാവി സ്വദേശി പ്രവീണ്‍ പ്രകാശാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പിടിയിലായത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കൈമാറിയ സംഘത്തിലെ ആളാണ് പ്രവീണ്‍ പ്രകാശെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. കല്‍ബുര്‍ഗി വധക്കേസിലെ മറ്റൊരു പ്രതി അമോല്‍ കലെ കഴിഞ്ഞ ദിവസം എസ്.ഐ.ടി പിടിയിലായിരുന്നു. അമോല്‍ കലെയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളാണ് മറ്റ് പ്രതികളുടെ അറസ്റ്റിലേക്ക് നയിച്ചത്.

കലെയെ കൂടാതെ മറ്റ് നാല് പേരെ കൂടി കേസില്‍ അറസറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അമിത് ബഡ്ഡി, ഗണേഷ് മിസ്‌കിന്‍, വാസുദേവ് സൂര്യന്‍ഷി, ശരത് കലാസ്‌കര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രതികളാണ് അമിത് ബഡ്ഡിയും ഗണേഷ് മിസ്‌കിനും.
മുന്‍പ് കര്‍ണ്ണാടക പൊലീസിന്റെ സി.ഐ.ഡി ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയൊന്നും ഇല്ലാത്തതിനാല്‍ ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു.

2015 ആഗസ്റ്റ് 30ന് ധാര്‍വാഡിലെ കല്യാണ്‍ നഗറിലെ വീട്ടില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്‍ബുര്‍ഗിയെ വെടിവെച്ച് കൊന്നിരുന്നത്.

We use cookies to give you the best possible experience. Learn more