മലപ്പുറം: കോഴിക്കോട് വിമാനത്താവളം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അന്വേഷണം നേരിടുന്ന മുന്‍ മലപ്പുറം എസ്.പി സുജിത്ത് ദാസിനെതിരെ വീണ്ടും ആരോപണം. മലപ്പുറം എസ്.പി ക്യാമ്പ് ഓഫീസിലെ മരം മുറി കേസ് അട്ടിമറിക്കാന്‍ പൊലീസ് കള്ളമൊഴി നല്‍കാന്‍ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് പി.പി ഫരീദ എന്ന യുവതിയാണ് രംഗത്ത് വന്നിരിക്കുന്നത്.
എസ്.പി ഓഫീസിന് സമീപത്തെ മരം മുറിച്ചത് മുന്‍ എസ്.പി കരീമിന്റെ കാലത്താണെന്ന് പറയാന്‍ പൊലീസ് നിര്‍ദേശിച്ചെന്നാണ് അയല്‍വാസിയായ ഫരീദയുടെ മൊഴി.
വീടിന് ഭീഷണിയായ മരങ്ങള്‍ മുറിച്ച് തരണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ പരാതി എഴുതി വാങ്ങിയത് മരം മുറിച്ചതിന് ശേഷമാണെന്നും യുവതി പറഞ്ഞു.
‘ഞാന്‍ ആദ്യമായി ചില്ലകള്‍ മുറിച്ച് മാറ്റണം എന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത് കരീം സാറിന്റെ കാലത്താണ്. വലിയ തേക്ക് മരം ആയതിനാല്‍ അത് വീടിന് ഭീഷണി ആയിരുന്നു. അതുകൊണ്ടാണ് ഞാന്‍ എസ്.പി ഓഫീസില്‍ നേരിട്ട് ചെന്ന് അപേക്ഷ നല്‍കിയത്.
എന്നാല്‍ അവര്‍ ആദ്യം അത് പരിഗണിച്ചിരുന്നില്ല. പിന്നീട് വീണ്ടും പരാതി പറഞ്ഞപ്പോഴാണ് ചില്ലകള്‍ മുറിച്ച് മാറ്റിയത്. പിന്നെയും കുറെ കഴിഞ്ഞ് സുജിത്ത് സാര്‍ വന്നതിന് ശേഷമാണ് മരം മുറിക്കുന്നത്.
എന്നാല്‍ മരം മുറിച്ചതിന് ശേഷം എന്നോട് ഒരു ഹരജി തരണമെന്ന് പറഞ്ഞു. ഞാന്‍ അത് കൊടുക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലോടെ ആ കാര്യങ്ങള്‍ വാര്‍ത്തയില്‍ വന്നപ്പോള്‍ ഞാന്‍ ക്യാമ്പിലെ പാറാവുകാരനുമായി സംസാരിക്കുകയുണ്ടായി.
എന്നാല്‍ അവര്‍ എന്നോട് മരം മുറിച്ചത് കരീം സാറിന്റെ കാലത്താണ് എന്ന് മാധ്യമങ്ങളോട് പറയണം എന്നാണ് നിര്‍ദേശിച്ചത്,’ഫരീദ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പി.വി അന്‍വര്‍ എം.എല്‍.എ, മലപ്പുറം എസ്.പി ഓഫീസ് വളപ്പിലെ മഹാഗണി മരങ്ങള്‍ സുജിത്ത് ദാസ് തന്റെ വീട്ടിലെ ഫര്‍ണിച്ചറുകള്‍ പണിയാന്‍ മുറിച്ച് മാറ്റിയതായി ആരോപിച്ചത്. 57,00 രൂപ വില വരുന്ന മരങ്ങള്‍ 20,000 രൂപയ്ക്ക് എസ്.പി ലേലത്തില്‍ വിറ്റെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.
Content Highlight: Another allegation against S.P Sujith Das on tree-felling at Malappuram SP’s official residence