ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ ദേവീന്ദെര്‍ സെഹ്‌റാവത്ത് ബി.ജെ.പിയിലേക്ക്. ഒരാഴ്ച്ചക്കിടെ ബി.ജെ.പിയിലെത്തുന്ന രണ്ടാമത്തെ ആം ആദ്മി എം.എല്‍.എയാണ് സെഹ്‌റാവത്ത്. നിയമസഭയില്‍ ബിജ് വാസന്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് ഇദ്ദേഹം.
കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹിയില്‍ പല വികസന പദ്ധതികളും നടപ്പിലാക്കുമ്പോള്‍ എ.എ.പി നേതൃത്വം ശബ്ദമുണ്ടാക്കുക മാത്രമാണ് ചെയ്തതെന്ന് സെഹ്‌റാവത്ത് പാര്‍ട്ടി വിട്ട ശേഷം ദല്‍ഹിയിലെ ബി.ജെ.പി കാര്യാലയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗാന്ധിനഗര്‍ എം.എല്‍.എയായ അനില്‍ ബാജ്പേയ്, ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും ദല്‍ഹി ഘടകത്തിന്റെ ചുമതലയുള്ള ശ്യാം ജാജു, കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പി റഫാല്‍ കരാറില്‍ നിന്നും ലഭിച്ച പണം ഉപേയാഗിച്ചാണ് ദല്‍ഹിയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നതെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം. ‘അവര്‍ റഫാല്‍ പണം ഉപയോഗിച്ചാണ് ഞങ്ങളുടെ എം.എല്‍.എമാരെ വാങ്ങുന്നത്. അവര്‍ എത്ര എം.എല്‍.എമാരെയാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കണം’- കെജ്‌രിവാള്‍ പറഞ്ഞു.
10 കോടി രൂപ വാഗ്ദാനം ചെയ്ത് എ.എ.പി എം.എല്‍.എമാരെ ബി.ജെ.പി വിലയ്ക്കെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരിക്കുന്നത്.
14 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയലും അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളിലെ എം.എല്‍.എമാരെ വിലയ്ക്കെടുത്ത് ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ താഴെയിറക്കുന്നതാണോ ജനാധിപത്യത്തെ കുറിച്ചുള്ള മോദിയുടെ നിര്‍വചനമെന്ന് കെജ്രിവാള്‍ ചോദിച്ചിരുന്നു.
അരവിന്ദ് കെജ്‌രിവാള്‍ മതത്തിന്റെ പേരില്‍ വോട്ടു ചോദിക്കാന്‍ ആരംഭിച്ചതോടെയാണ് എം.എല്‍.എമാര്‍ കൂട്ടമായി പാര്‍ട്ടി വിടാന്‍ തുടങ്ങിയതെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയല്‍ ആരോപിച്ചു.
മെയ് 12നാണ് ദല്‍ഹിയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ബംഗാളില്‍ 40 തൃണമൂല്‍ എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന തന്നെ വിവാദമായിരുന്നു.