| Tuesday, 17th March 2020, 7:08 pm

അച്ഛനോട് വഴക്കിട്ട് മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ ഇറങ്ങിത്തിരിച്ച മൂന്നാം ക്ലാസുകാരന്‍; വൈറലായി അനൂപ് സത്യന്റെ പോസ്റ്റ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൃശ്ശൂര്‍: അച്ഛനുമായി വഴിക്കിട്ട് മോഹന്‍ലാലിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച ഒരു മൂന്നാം ക്ലാസുകാരന്‍ പയ്യന്‍, മറ്റാരുമല്ല അത്. മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യനാണ് ഇത്.

തന്റെ ആദ്യ സിനിമയായ വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ട് മോഹന്‍ലാല്‍ വിളിച്ച കാര്യം പറഞ്ഞു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അനൂപ് സത്യന്‍ ഈ കഥ പറഞ്ഞത.

അനൂപ് സത്യന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

‘1993, അന്തിക്കാട്: ഞാന്‍ അന്ന് മൂന്നാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനുമായി ചെറിയ വഴക്കുണ്ടാവുകയും മോഹന്‍ലാലിനൊപ്പം താമസിക്കാന്‍ വീട് വിട്ടിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. (അന്നത്തെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധകന്‍ ഞാന്‍ ആയിരുന്നു)

അച്ഛന് ഇത് തമാശയായി തോന്നി. അച്ഛന്‍ ഉടനെ തന്നെ മോഹന്‍ലാലിനെ വിളിച്ചു. എന്റെ കയ്യില്‍ റിസീവര്‍ തന്നിട്ട് മോഹന്‍ലാലിന് നിന്നോട് സംസാരിക്കണമെന്ന് പറയുന്നുവെന്ന് പറഞ്ഞു. ആ സാഹചര്യത്തെ അഭിമുഖീകരിക്കാനുള്ള പക്വത എനിക്കന്ന് ആയിരുന്നില്ല. കള്ളച്ചിരിയുമായി ഞാന്‍ നിന്നു. അദ്ദേഹം അന്ന് ചിരിച്ച ചിരി ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

2020 – ഇന്ന് അന്തിക്കാടിന് സമീപം എവിടെയോ ഞാന്‍ കാര്‍ ഒതുക്കി, ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു, എന്റെ ചിത്രം അദ്ദേഹത്തിന് ഇഷ്ടമായെന്ന് പറഞ്ഞു..ഞാന്‍ അടക്കിച്ചിരിച്ചു. അദ്ദേഹത്തിന്റെ ചിരി ഇന്നും അങ്ങനെ തന്നെ…’അനൂപ് കുറിച്ചു.

We use cookies to give you the best possible experience. Learn more