അന്ന് അച്ഛൻ സംവിധാനം ചെയ്യാനിരുന്ന ആ സിനിമയുടെ നിർമാതാവ് വെടിയേറ്റ് മരിച്ചു: അനൂപ് സത്യൻ
Entertainment
അന്ന് അച്ഛൻ സംവിധാനം ചെയ്യാനിരുന്ന ആ സിനിമയുടെ നിർമാതാവ് വെടിയേറ്റ് മരിച്ചു: അനൂപ് സത്യൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 4th October 2024, 3:38 pm

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.

മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്. സാധാരണകാരുടെ കഥകളായിരുന്നു സത്യൻ എന്നും പറഞ്ഞിരുന്നത്.

മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഇന്ന് മലയാളത്തിലെ തിരക്കുള്ള സംവിധായകരാണ്. സത്യൻ അന്തിക്കാടിനെ കുറിച്ച് സംസാരിക്കുകയാണ് മകൻ അനൂപ് സത്യൻ. അച്ഛന്റെ ജീവിതം സിനിമാറ്റിക്കാണെന്നാണ് അനൂപ് സത്യൻ പറയുന്നത്.

സത്യൻ അന്തിക്കാട് പതിനേഴാം വയസിൽ സിനിമ പഠിക്കാൻ മദ്രാസിൽ പോയെന്നും കുട്ടിക്കാലം മുതൽ ഇഷ്ടമുള്ള പെൺകുട്ടിയോടൊപ്പം ഒളിച്ചോടി കല്യാണം കഴിച്ചെന്നും അനൂപ് പറയുന്നു. ആദ്യ ചിത്രത്തിന്റെ നിർമാതാവ് വെടിയേറ്റ് മരിച്ചപ്പോൾ സത്യൻ അന്തിക്കാടിന്റെ സിനിമ മുടങ്ങി പോയെന്നും അനൂപ് പറയുന്നു. ഇന്ന് 57 സിനിമകൾ സംവിധാനം ചെയ്ത് അദ്ദേഹം മലയാളത്തിലെ പ്രധാന സംവിധായകനായെന്നും അനൂപ് മാതൃഭൂമി സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് പറഞ്ഞു.

‘ഒന്നാലോചിച്ചാൽ അച്ഛന്റെ ജീവിതം അല്പം സിനിമാറ്റിക് ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരു ബസ് കണ്ടക്ടറിന്റെ മകനായി ജനിച്ചു. പതിനേഴാം വയസിൽ സിനിമ പഠിക്കാൻ അന്തിക്കാട് നിന്നും മദ്രാസിലേക്ക് വണ്ടി കയറി.

തിരക്കുപിടിച്ച സഹസംവിധായകനായി, ഗാനരചയിതാവായി. കുട്ടിക്കാലം മുതലിഷ്ടപ്പെട്ട പെൺകുട്ടിയെയും കൂട്ടി ഒളിച്ചോടി കല്യാണം കഴിച്ചു. ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആദ്യം സംവിധാനം ചെയ്യാനിരുന്ന സിനിമയുടെ നിർമാതാവ് വെടിയേറ്റു മരിച്ചു.

അത് നിന്ന് പോയിട്ടും, വീണ്ടും ഒന്നിൽ നിന്ന് തുടങ്ങി 57 സിനിമകൾ സംവിധാനം ചെയ്തു. ദേശീയ, സംസ്ഥാന അവാർഡുകൾ വാങ്ങി. ഇൻഡസ്ട്രിയിൽ വന്നിട്ട് 50 വർഷം കഴിഞ്ഞിട്ടും ഏറ്റവും കച്ചവട മൂല്യമുള്ള സംവിധായകരിൽ ഒരാളായി ഇപ്പോഴും നിൽക്കുന്നു.

അങ്ങനെ ഒരുപാട് ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ ജീവിതം. ഡ്രീം പ്രൊജക്റ്റ് ഏതാണെന്ന് ചോദിച്ചാൽ അടുത്ത് ചെയ്യാനിരിക്കുന്ന സിനിമയാണ് എന്നാണ് അച്ഛനിപ്പോഴും പറയുന്നത്,’അനൂപ് സത്യൻ പറയുന്നു.

Content Highlight: Anoop Sathyan Talk About Sathyan Anthikkad