ആകെ അസ്വസ്ഥനായ എന്നോട് എന്ത് പറ്റിയെന്ന് ചോദിച്ചത് ആ നടി, അന്ന് തുടങ്ങിയതാണ് അവരുമായുള്ള ആത്മബന്ധം: അനൂപ് മേനോന്‍
Entertainment
ആകെ അസ്വസ്ഥനായ എന്നോട് എന്ത് പറ്റിയെന്ന് ചോദിച്ചത് ആ നടി, അന്ന് തുടങ്ങിയതാണ് അവരുമായുള്ള ആത്മബന്ധം: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th December 2024, 8:48 am

നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ തന്റെ സാന്നിധ്യമറിയിച്ചയാളാണ് അനൂപ് മേനോന്‍. സീരിയല്‍ രംഗത്ത് നിന്നാണ് അനൂപ് മേനോന്‍ സിനിമയിലേക്ക് എത്തിയത്. വിനയന്‍ സംവിധാനം ചെയ്ത കാട്ടുചെമ്പകമായിരുന്നു അനൂപിന്റെ ആദ്യ ചിത്രം. 2008ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും, 2009ലെ ഫിലിംഫെയര്‍ അവാര്‍ഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് മേനോന്‍ നേടി.

സുകുമാരിയുമായി ഉള്ള തന്റെ ആത്മബന്ധത്തിന്റെ തുടക്കത്തെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍. ആദ്യ സിനിമയായ കാട്ടുചെമ്പകം പരാജയപ്പെട്ടിരിക്കുന്ന സമയമായിരുന്നു അതെന്നും നായകനായി വരുന്ന ആദ്യ സിനിമാതന്നെ പൊട്ടിയാല്‍ രാശിയില്ലാത്തവനാണെന്ന് എല്ലാവരും പറഞ്ഞിരുന്നെന്നും അനൂപ് മേനോന്‍ പറഞ്ഞു.

ഇനി സിനിമ വേണ്ട സീരിയല്‍ മതി എന്ന് തീരുമാനിച്ച് ‘സ്വപ്നം’ എന്ന സീരിയല്‍ അഭിനയിക്കാന്‍ പോയിരുന്നെന്നും അവിടെ വെച്ചാണ് സുകുമാരിയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആകെ അസ്വസ്ഥനായ തന്നെ കണ്ട് എന്താ മോനെ പ്രശ്‌നമെന്ന് സുകുമാരി ചോദിച്ചെന്നും അങ്ങനെ തുടങ്ങിയതാണ് അവരുമായുള്ള ആത്മബന്ധമെന്നും അനൂപ് പറയുന്നു.

അന്ന് സുകുമാരി പറഞ്ഞ കാര്യങ്ങള്‍ പിന്നീട് തനിക്ക് വഴിവിളക്കായി മാറിയിട്ടുണ്ടെന്നും അവരുടെ ജീവിതം കൊണ്ട് കാണിച്ച് തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.

‘2001 ല്‍ ആദ്യ സിനിമ തന്നെ പൊട്ടി ഔട്ടായി എന്ന ലെവലില്‍ നില്‍ക്കുന്ന നടനായിരുന്നു ഞാന്‍. അന്നൊക്കെ അങ്ങനെ ആണെന്നല്ലോ. പ്രത്യേകിച്ച് നായകനായി ആദ്യം വരുന്ന സിനിമ പൊട്ടുന്നതോടുകൂടി ഇവന്‍ രാശിയില്ലാത്തവനാണെന്ന് പറയും. അങ്ങനെ ഞാന്‍ സീരിയലിലേക്ക് എത്തി. ഇനി അവിടെ മതി, ഒരുതരത്തിലും സിനിമയിലേക്ക് വരില്ല എന്ന തീരുമാനിച്ചിരിക്കുന്ന സമയത്താണ് ഞാന്‍ ‘സ്വപ്നം’ എന്ന സീരിയല്‍ ചെയ്യുന്നത്.

അവിടെ വെച്ചിട്ടാണ് ഞാന്‍ സുകുമാരിയമ്മയെ കാണുന്നത്. ഞാന്‍ ഭയങ്കരമായി ഏകാന്തത ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു. അധികം ആരോടും മിണ്ടാറില്ലായിരുന്നു. കാരണം ആദ്യ സിനിമയുടെ പരാജയത്തിന്റെ ആഘാതത്തില്‍ നില്‍ക്കുകയായിരുന്നു. ആ സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ഞാന്‍ സുകുമാരിയമ്മയെ കാണുന്നത്. സീരിയലില്‍ ഞാന്‍ എഡ്വേര്‍ഡ് എന്ന ആംഗ്ലോ ഇന്ത്യന്‍ കഥാപാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കണ്ണില്‍ ഒരു നീല നിറത്തിലുള്ള ലെന്‍സ് വെക്കണം ഇപ്പോഴും.

അതിന്റെ ബുദ്ധിമുട്ടുകള്‍ എല്ലാം എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ ആകെ അസ്വസ്ഥനായി ഇരിക്കുന്ന എന്നെ കണ്ട് എന്താ മോനെ പ്രശ്‌നമെന്ന് ചോദിച്ചത് സുകുമാരിയമ്മ ആയിരുന്നു. അങ്ങനെയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. അന്ന് സ്‌കുമാരിയമ്മ പറഞ്ഞ കാര്യങ്ങള്‍ പിന്നീട് ഒരുപാട് കാലം നമുക്ക് വഴിവിളക്കായി നിന്നിട്ടുണ്ട്. അവരുടെ ജീവിതം കൊണ്ട് എനിക്കത് കാണിച്ച് തന്നിട്ടുമുണ്ട്,’ അനൂപ് മേനോന്‍ പറയുന്നു.

Content Highlight: Anoop Menon Talks About Sukumari