ഏറ്റവുമധികം ലേഖനങ്ങള്‍ വന്നിട്ടുള്ള സിനിമകളില്‍ ഒന്നാണ് ആ മോഹന്‍ലാല്‍ ചിത്രം; ഇന്നത് നമ്മളെ ബാധിക്കുന്നില്ല: അനൂപ് മേനോന്‍
Entertainment
ഏറ്റവുമധികം ലേഖനങ്ങള്‍ വന്നിട്ടുള്ള സിനിമകളില്‍ ഒന്നാണ് ആ മോഹന്‍ലാല്‍ ചിത്രം; ഇന്നത് നമ്മളെ ബാധിക്കുന്നില്ല: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th August 2024, 9:55 am

അനൂപ് മേനോന്റെ തിരക്കഥയില്‍ രാജീവ് നാഥ് സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പകല്‍ നക്ഷത്രങ്ങള്‍. അനൂപ് മേനോന്‍ ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു ഇത്. മോഹന്‍ലാല്‍ നായകനായ സിനിമയില്‍ സുരേഷ് ഗോപി, മുരളി, കല്‍പന, അനൂപ് മേനോന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ മികച്ച താരനിരയാണ് അഭിനയിച്ചത്. മോഹന്‍ലാല്‍ സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായി എത്തിയ പകല്‍ നക്ഷത്രങ്ങളില്‍ ആദി സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായി എത്തിയത് അനൂപ് മേനോന്‍ ആയിരുന്നു.

അഞ്ച് ദിവസം കൊണ്ടാണ് അനൂപ് ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയത്. ഇറങ്ങിയ സമയം തിയേറ്ററില്‍ പരാജയമായിരുന്നെങ്കിലും കാലങ്ങള്‍ക്കിപ്പുറം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ച ചിത്രമാണ് ഇത്. ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ വന്നിട്ടുള്ള സിനിമകളില്‍ ഒന്നാണ് പകല്‍ നക്ഷത്രങ്ങളെന്ന് പറയുകയാണ് അനൂപ് മേനോന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍, തിരക്കഥാകൃത്ത് എന്ന നിലയില്‍ ഈ സിനിമ തനിക്ക് എങ്ങനെയുള്ളതാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അദ്ദേഹം.

‘എനിക്ക് പകല്‍ നക്ഷത്രങ്ങള്‍ എന്ന സിനിമ എന്താണ് എന്ന് ചോദിച്ചാല്‍ അതിനെ കുറിച്ച് അറിയില്ല. ഞാന്‍ അതിനെ കുറിച്ച് സീരിയസായി ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം. മുന്നോട്ട് പോവുക എന്നത് മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ ലേഖനങ്ങള്‍ വന്നിട്ടുള്ള സിനിമകളില്‍ ഒന്നാണ് പകല്‍ നക്ഷത്രങ്ങള്‍. എനിക്ക് പലരും ഈ സിനിമയെ കുറിച്ച് ആസ്വാദനങ്ങള്‍ എഴുതി അയച്ചു തരാറുണ്ട്. പക്ഷെ തുറന്നു പറയുകയാണെങ്കില്‍ ആ ഞാന്‍ സിനിമ കടന്ന് ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.

ഇന്ന് ആ സിനിമ നമ്മളെ ഒരു തരത്തിലും ബാധിക്കുന്നില്ല. നമ്മള്‍ ഇപ്പോള്‍ അടുത്ത പരിപാടിയിലേക്ക് പോയി. പകല്‍ നക്ഷത്രങ്ങള്‍ കഴിഞ്ഞിട്ട് ഞാന്‍ ചെയ്തത് ജോസേട്ടന്റെ ഹീറോ എന്ന സിനിമയാണ്. ആ സിനിമ അതില്‍ നിന്ന് ഒരുപാട് വ്യത്യസ്തമാണ്. ഒരു സിനിമ കഴിഞ്ഞാല്‍ മുന്നോട്ട് പോകുക എന്നതിനേക്കാള്‍ ഉപരിയായി അതിനെ കുറിച്ച് സീരിയസായി ചിന്തിക്കേണ്ടതില്ല,’ അനൂപ് മേനോന്‍ പറഞ്ഞു.


Content Highlight: Anoop Menon Talks About Pakal Nakshathrangal Movie