| Sunday, 4th August 2024, 8:07 am

മോഹന്‍ലാല്‍ അത് ചെയ്തപ്പോള്‍ ഉണ്ടായ ഭംഗി എഴുത്തിനേക്കാള്‍ മേലെ; എനിക്കേറെ ഇഷ്ടമുള്ള സീക്വന്‍സ്: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോന്റെ തിരക്കഥയില്‍ രാജീവ് നാഥ് സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പകല്‍ നക്ഷത്രങ്ങള്‍. അനൂപ് മേനോന്‍ ആദ്യമായി തിരക്കഥ ഒരുക്കിയ ചിത്രമായിരുന്നു ഇത്. മോഹന്‍ലാല്‍ നായകനായ സിനിമയില്‍ സുരേഷ് ഗോപി, മുരളി, കല്‍പന, അനൂപ് മേനോന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ മികച്ച താരനിരയാണ് അഭിനയിച്ചത്. മോഹന്‍ലാല്‍ സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായി എത്തിയ പകല്‍ നക്ഷത്രങ്ങളില്‍ ആദി സിദ്ധാര്‍ത്ഥന്‍ എന്ന കഥാപാത്രമായി എത്തിയത് അനൂപ് മേനോന്‍ ആയിരുന്നു.

സിനിമയില്‍ ആദി കുട്ടിയായിരിക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്‍ ഓള്‍ഡ് മങ്കില്‍ വിരല്‍ മുക്കി നാവില്‍ വെച്ചു കൊടുക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഈ സീനിനെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍. കുട്ടിക്കാലത്തെ അച്ഛന്റെ ഓര്‍മകളെ കുറിച്ചും അനൂപ് പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോഹന്‍ലാല്‍ ആ സീന്‍ ചെയ്യുമ്പോള്‍ ഉണ്ടായ ഭംഗി എഴുത്തിനേക്കാള്‍ മേലെ ആയിരുന്നെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ അത് ആ സമയത്ത് എഴുതിയ സീക്വന്‍സാണ്. എസ്.എം.സിയുടെ (ശ്രീ മൂലം ക്ലബ്) അകത്ത് വെച്ച് ആണ് ഷൂട്ട് ചെയ്തത്. ആ സമയത്ത് കുട്ടിയെ സ്‌കൂളില്‍ നിന്ന് വിളിച്ചു കൊണ്ടുവരുന്ന സമയമാകും. പണ്ട് അച്ഛന്‍ എന്നെ സ്‌കൂളില്‍ നിന്ന് വിളിച്ചു കൊണ്ട് വരുന്ന സമയത്ത് അടുത്തുള്ള ഒരു ഹോട്ടലില്‍ എന്നെയും കൊണ്ട് കയറുമായിരുന്നു. എനിക്ക് പുഡ്ഡിങ് പോലെയുള്ള എന്തെങ്കിലും വാങ്ങിച്ച് തന്നിട്ട് ചിലപ്പോള്‍ അച്ഛന്‍ ഒരു ബിയറ് കഴിക്കും. വൈകുന്നേരങ്ങളില്‍ സ്ഥിരമായി മദ്യപാനം ഇല്ലാത്ത ഒരാളാണ് അദ്ദേഹം.

അതിന്റെ ഓര്‍മ എന്റെയുള്ളില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. അന്ന് അച്ഛന്‍ എന്റെ നാവില്‍ ഉറ്റിച്ച് തന്നിട്ടില്ല. അത് ഒരു ആര്‍ട്ടിസ്റ്റിക് ഡെറിവേറ്റീവ് മാത്രമായിരുന്നു. പിന്നെ ആ സ്‌ക്രിപ്റ്റ് മോഹന്‍ലാലിനെ പോലെ ഒരാള്‍ക്ക് വേണ്ടിയാണ് എഴുതുന്നത്. അദ്ദേഹം ആ സീന്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഭംഗി എഴുത്തിനേക്കാള്‍ മേലെ ആയിരിക്കും. എനിക്ക് വളരെ ഇഷ്ടമുള്ള സീക്വന്‍സില്‍ ഒന്നായിരുന്നു അത്,’ അനൂപ് മേനോന്‍ പറഞ്ഞു.


Content Highlight: Anoop Menon Talks About Mohanlal’s Old Monk Scene In Pakal Nakshathrangal Movie

We use cookies to give you the best possible experience. Learn more