മമ്മൂക്കക്ക് ഒരു സ്റ്റാറിന് വേണ്ടതെല്ലാമുണ്ട്; ഇതൊന്നുമില്ലാത്ത ആളാണ് ലാലേട്ടന്‍: അനൂപ് മേനോന്‍
Entertainment
മമ്മൂക്കക്ക് ഒരു സ്റ്റാറിന് വേണ്ടതെല്ലാമുണ്ട്; ഇതൊന്നുമില്ലാത്ത ആളാണ് ലാലേട്ടന്‍: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 4th August 2024, 1:45 pm

ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടി ഏറെ അനുഗൃഹീതനാണെന്ന് പറയുകയാണ് നടന്‍ അനൂപ് മേനോന്‍. അദ്ദേഹം ആ ലുക്ക് വളരെ നന്നായി പരിപാലിക്കുന്ന ആളാണെന്നും ഒരു സ്റ്റാറിന് വേണ്ട എല്ലാമുള്ള വ്യക്തിയാണെന്നും അനൂപ് പറയുന്നു. എന്നാല്‍ ഇതൊന്നുമില്ലാത്ത ആളാണ് മോഹന്‍ലാലെന്നും അദ്ദേഹത്തെ നമ്മള്‍ പതുക്കെ ഇഷ്ടപ്പെട്ടതാണെന്നും താരം പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ചെക്ക്‌മേറ്റിന്റെ ഭാഗമായി സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.

‘ലുക്കിന്റെ കാര്യത്തില്‍ ബ്ലസ്ഡ് ആയ ഒരാളാണ് മമ്മൂക്ക. അദ്ദേഹം അത് നന്നായി മെയിന്‍ഡെയിന്‍ ചെയ്യുന്നു എന്നത് വേറെ കാര്യമാണ്. പക്ഷെ ബേസിക്കലി അദ്ദേഹം ലുക്ക് കൊണ്ട് ബ്ലസ്ഡാണ്. താടിയുടെ സ്ട്രക്ച്ചറായാലും മൂക്കായാലും കണ്ണായാലും, ഒരു സ്റ്റാറിന് വേണ്ട എല്ലാമുള്ള ആളാണ് അദ്ദേഹം.

ഇതൊന്നും ഇല്ലാത്ത ആളാണ് ലാലേട്ടന്‍. ലാലേട്ടനെ നമുക്ക് പതുക്കെ ഇഷ്ടപ്പെട്ടതാണ്. ആ ക്യൂട്ട്‌നെസ് കൊണ്ടും അഭിനയചാരുത കൊണ്ടും നമ്മള്‍ അദ്ദേഹത്തിലേക്ക് എത്തപ്പെട്ടതാണ്. മമ്മൂക്കയാണെങ്കില്‍ അദ്ദേഹത്തിന്റെ മുഖത്തും ശരീരത്തിലുമൊക്കെ സ്റ്റാറിന് വേണ്ടതൊക്കെയുണ്ട്. അതാണ് അവര്‍ തമ്മിലുള്ള വ്യത്യാസം,’ അനൂപ് മേനോന്‍ പറഞ്ഞു.

താന്‍ ഒരു കാര്യത്തിനും പ്രായത്തെ വിശ്വസിക്കാത്ത ആളാണെന്നും പ്രായത്തെ കുറിച്ചോ എക്സ്പീരിയന്‍സിനെ കുറിച്ചോ സംസാരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. പണ്ട് മമ്മൂട്ടി ചിത്രമായ കൗരവറില്‍ പറഞ്ഞ അതേകാര്യം തന്നെയാണ് ഇന്ന് മഹാരാജ എന്ന സിനിമയില്‍ വന്നതെന്നും അപ്പോള്‍ നമ്മള്‍ എന്തുകൊണ്ടത് ചിന്തിച്ചില്ലെന്ന് തോന്നുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഒരു കാര്യത്തിനും പ്രായത്തെ വിശ്വസിക്കാത്ത ആളാണ്. നമ്മള്‍ പ്രായത്തെ കുറിച്ചോ എക്സ്പീരിയന്‍സിനെ കുറിച്ചോ സംസാരിച്ചിട്ട് കാര്യമില്ല. എക്സ്പീരിയന്‍സ് എന്നത് പോലും വളരെ റിലേറ്റ് ആയിട്ടുള്ള കാര്യമാണ്. പലപ്പോഴും ഇന്ന് പുതിയ ഒരു പയ്യന്‍ വന്നിട്ട് കഥ പറയുമ്പോള്‍, ദൈവമേ എന്തുകൊണ്ട് ഇത് നമ്മള്‍ ആലോചിച്ചില്ലെന്ന് ചിന്തിക്കും. എന്തുകൊണ്ട് അത് ആലോചിക്കാന്‍ പറ്റുന്നില്ലെന്നും ചിന്തിക്കാറുണ്ട്.

പണ്ട് കൗരവറില്‍ പയറ്റിയ കാര്യം തന്നെയാണ് ഇന്ന് മഹാരാജ എന്ന സിനിമയില്‍ വന്നത്. അത് തിരിച്ചറിയുമ്പോള്‍ നമ്മള്‍ എന്തുകൊണ്ട് അത് ചിന്തിച്ചില്ലെന്ന് തോന്നും. ഒരു തമിഴ് ഡയറക്ടര്‍ ഇതേ കാര്യം മറ്റൊരു രീതിയില്‍ ആലോചിച്ചു. അതുകൊണ്ട് എന്നും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ് എഴുത്തും അഭിനയവും സംവിധാനവുമെല്ലാം. ആ അര്‍ത്ഥത്തില്‍ മറ്റുള്ള ആളുകളുടെ വര്‍ക്ക് കാണുമ്പോള്‍ അനുഭവങ്ങള്‍ വളരെ ആപേക്ഷികമായ കാര്യമാണെന്ന് തോന്നാറുണ്ട്,’ അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Anoop Menon Talks About Mammootty And Mohanlal