Advertisement
Entertainment
മേനോന്‍ എന്റെ ഐഡന്റിറ്റി; ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പറയുന്നപോലെയേ അതുള്ളൂ: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 26, 06:47 am
Monday, 26th August 2024, 12:17 pm

അഭിനേതാവും, തിരക്കഥാകൃത്തും ഗാനരചയിതാവും സംവിധായകനുമാണ് അനൂപ് മേനോന്‍. സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് ടെലിവിഷനില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. 2008ല്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള സര്‍ക്കാരിന്റെ പുരസ്‌കാരവും, 2009ലെ ഫിലിംഫെയര്‍ അവാര്‍ഡും തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് മേനോന്‍ നേടി.

തന്റെ പേരിന്റെ കൂടെയുള്ള ജാതിവാല്‍ കളയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, അത് വഴി ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറയുന്നു.

മേനോന്‍ എന്നത് തന്റെ ഐഡന്റിറ്റി ആണെന്നും ഇത്രയും വര്‍ഷം ജീവിച്ചത് ഈ പേരുകൊണ്ടാണെന്നും അനൂപ് പറയുന്നു. ആസിഫ് അലി എന്ന് പറയുന്നത് പോലെയോ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പറയുന്ന പോലെയാണ് അതെന്നും അതിനപ്പുറത്തേക്ക് ഒരു കാര്യവും ചിന്തിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അത് കട്ട് ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ ഞാന്‍ ഇതിന്റെ അപ്പുറമുള്ളെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതെനിക്ക് ആദ്യം മുതലേ കിട്ടിയ എന്റെ ഐഡന്റിറ്റിയാണ്, ഞാന്‍ എന്തിനത് കളയണം. ആസിഫ് അലി എന്ന് പറയുന്നത് പോലെയോ ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പറയുന്ന പോലെയേ അതുള്ളൂ. അതിനപ്പുറത്തേക്ക് ഞാന്‍ ഒരു കാര്യവും ചിന്തിക്കുന്നില്ല.

ഞാന്‍ എന്റെ ജീവിതം ജീവിച്ചിട്ടുള്ളത് അങ്ങനെയാണ്. ഒരു മാട്രിമോണിയിലും പോയി ജാതി നോക്കി വിവാഹം കഴിച്ചയാളല്ല ഞാന്‍. ഞാന്‍ എനിക്കിഷ്ടമുള്ളൊരാളെ, അതും മറ്റൊരു മതത്തില്‍ നിന്നുള്ളൊരാളായാണ് വിവാഹം കഴിച്ചിരിക്കുന്നത്.

ഞാന്‍ ജീവിക്കുന്ന ജീവിതരീതി അങ്ങനെയുള്ളതാണ്, എന്റെ സുഹൃത്തുക്കള്‍ അങ്ങനെയുള്ളവരാണ്, എന്റെ കൂടെ ഉള്ളവര്‍ അങ്ങനെയുള്ളവരാണ്, എനിക്ക് ആ ഒരു സാധനം കട്ട് ചെയ്തതുകൊണ്ട് ഒരു സ്റ്റേറ്റ്‌മെന്റും ഇറക്കാനില്ല. മൈ ലൈഫ് ഈസ് മൈ സ്റ്റേറ്റ്‌മെന്റ്,’ അനൂപ് മേനോന്‍ പറയുന്നു.

അതേസമയം അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചെക്ക്‌മേറ്റ് ഓഗസ്റ്റ് 9ന് തിയേറ്ററുകളില്‍ എത്തിയിരുന്നു. രതീഷ് ശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലാല്‍, രേഖ ഹരീന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Anoop Menon talks about his name