2013ല്‍ പുറത്തിറങ്ങിയ ഒരു മലയാളം ആന്തോളജി ഗ്യാങ്സ്റ്റര്‍ ചിത്രമാണ് ഡി കമ്പനി. എം. പത്മകുമാര്‍, ദീപന്‍, വിനോദ് വിജയന്‍ എന്നിവര്‍ സംവിധാനം ചെയ്ത സ്വതന്ത്രമായി ചിത്രീകരിച്ച മൂന്ന് ചിത്രങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.
ഡി കമ്പനിയിലെ ഗ്യാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനൂപ് മേനോന്‍ ആയിരുന്നു. എന്നാല്‍ താന്‍ വളരെ നോണ്‍ വയലന്റായിട്ടുള്ള ആളാണെന്നും തനിക്ക് വലിയ വയലന്റായ കാര്യങ്ങളോട് ഒട്ടും തന്നെ താത്പര്യമില്ലെന്നും പറയുകയാണ് അദ്ദേഹം.
ഗ്യാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്ന സിനിമയുടെ തിരക്കഥ എഴുതിയത് അതേ അനൂപ് മേനോന്‍ തന്നെയല്ലേ എന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ ഇവിടുത്തെ ഏറ്റവും വലിയ ക്രിമിനല്‍ എസ്.എന്‍. സ്വാമി ആയിരിക്കും എന്നായിരുന്നു മറുപടി.
ഗോഡ്ഫാദര്‍ പോലെയുള്ള സിനിമ നമുക്ക് കണ്ടിരിക്കാമെന്ന് പറയുന്ന അനൂപ് മേനോന്‍ പക്ഷെ ഗ്യാങ്‌സ് ഓഫ് ന്യൂയോര്‍ക്ക് പോലെയുള്ള സിനിമകളിലെ വയലന്‍സ് കാണാന്‍ പറ്റില്ലെന്നും പറയുന്നു. സില്ലിമോങ്ക്‌സ് മോളീവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ വളരെ നോണ്‍ വയലന്റ് ആയിട്ടുള്ള ആളാണ്. എനിക്ക് ഒട്ടും തന്നെ വലിയ വയലന്റായ കാര്യങ്ങളോട് താത്പര്യമില്ല. ഗ്യാങ്‌സ് ഓഫ് വടക്കുംനാഥന്‍ എഴുതിയത് ഞാന്‍ തന്നെയല്ലേ എന്ന് ചോദിച്ചാല്‍ അത് ശരിയാണ്. അങ്ങനെയാണെങ്കില്‍ ഇവിടുത്തെ ഏറ്റവും വലിയ ക്രിമിനല്‍ എസ്.എന്‍. സ്വാമി ആയിരിക്കുമല്ലോ. നമുക്ക് എങ്ങനെയുള്ള പടങ്ങളും എഴുതാം.
ഗോഡ്ഫാദര്‍ പോലെയുള്ള ഒരു സിനിമ നമുക്ക് കണ്ടിരിക്കാം. പക്ഷെ ഗ്യാങ്‌സ് ഓഫ് ന്യൂയോര്‍ക്ക് പോലെയുള്ള സിനിമകളിലെ വയലന്‍സും മറ്റും കാണാന്‍ പറ്റിയെന്ന് വരില്ല. ഹ്യൂമണ്‍ പെയിന്‍ എനിക്ക് വലിയ പ്രശ്‌നമാണ്. അതേസമയം എനിക്ക് മെന്റല്‍ പെയിന്‍ ഓക്കെയാണ്. എപ്പോഴും മാനസിക വിഷമമാണ് ശാരീരിക വിഷമത്തേക്കാള്‍ വലുതെന്ന് പറയാറുണ്ടല്ലോ. പക്ഷെ എനിക്ക് നേരെ തിരിച്ചാണ്.
എനിക്ക് ബോഡിയില്‍ ഉണ്ടാകുന്ന പെയിന്‍ പറ്റില്ല. പ്രത്യേകിച്ച് സ്ത്രീകളെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്മാരൊക്കെ എനിക്ക് താത്പര്യമില്ലാത്തവയാണ്. ഫിസിക്കല്‍ പെയിന്‍ എന്നെ വല്ലാതെ തളര്‍ത്തും.
മെന്റല്‍ ടോര്‍ച്ചറോ മെന്റല്‍ പെയിനോയൊക്കെ എനിക്ക് സഹിക്കാവുന്നതാണ്. അത് പക്ഷെ എന്റെ അബദ്ധ ധാരണയാകും. എന്നാല്‍ ഞാന്‍ അങ്ങനെയാണ് വിശ്വസിക്കുന്നത്,’ അനൂപ് മേനോന്‍ പറഞ്ഞു.
Content Highlight: Anoop Menon Talks About Godfather And Gangs Of New York Movie