പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നാണ് എന്ന് നിന്റെ മൊയ്തീൻ. ആർ. എസ് വിമൽ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതിയും പൃഥ്വിരാജുമായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്. മൊയ്‌തീന്റെയും കാഞ്ചനമാലയുടെയും പ്രണയകഥ പറഞ്ഞ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചത് തന്നെയാണെന്ന് പറയുകയാണ് നടൻ അനൂപ് മേനോൻ. പക്ഷെ അന്നതൊരു ചെറിയ ചിത്രമായിരുന്നുവെന്നും നായിക മമ്തയായിരുന്നുവെന്നും അനൂപ് മേനോൻ പറയുന്നു. അതുപോലെ പൃഥ്വിരാജിന്റെ ത്രില്ലർ ചിത്രമായ സെവൻത്ത് ഡേയിലും ആദ്യം പരിഗണിച്ചത് തന്നെയായിരുന്നുവെന്നും അനൂപ് മേനോൻ പറഞ്ഞു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സെവൻത്ത് ഡേയുടെ കഥ ആദ്യം എന്നെ തേടിയാണ് വരുന്നത്. അതിന്റെ സംവിധായകൻ ആദ്യം എന്നെയാണ് കണ്ടത്. ഞങ്ങൾ കുറെ മുന്നോട്ട് പോവുകയും ചെയ്തിരുന്നു. പിന്നെയെങ്ങനെയോ ആ നിർമാതാവിന് വർക്ക് ഔട്ട് ആവാതെ ഞങ്ങൾ ഡ്രോപ്പ് ചെയ്തു.
പിന്നെയാണ് രാജു അതിൽ ജോയിൻ ചെയ്യുന്നത്. അങ്ങനെ കുറെ സിനിമകളുണ്ട്. അതുപോലെ തന്നെയായിരുന്നു എന്ന് നിന്റെ മൊയ്തീൻ. മൊയ്തീൻ ഞാനും മമ്തയും ചേർന്ന് അഭിനയിക്കേണ്ട ചിത്രമായിരുന്നു. പക്ഷെ അന്ന് ഇങ്ങനെ ഒന്നും ആയിരുന്നില്ല.
അത് മറ്റൊരു തരത്തിലുള്ള ഫിലിം ആയിരുന്നു. പക്ഷെ രാജു അത് ചെയ്യുമ്പോൾ ഫുട്ബോൾ എല്ലാം കൂട്ടിച്ചേർത്തിട്ടുണ്ടല്ലോ. പക്ഷെ ഇത് അങ്ങനെയൊന്നുമല്ലായിരുന്നു. ഇത് കുറച്ചൂടെ ചെറിയ സിനിമയായിരുന്നു.
ഈ പറഞ്ഞപ്പോലെ ഒരു വർഷത്തോളം ഞാനും വിമലും കൂടെ അതിനായി ചർച്ചകൾ നടത്തി. പിന്നെ അതിനിടയിലേക്ക് ശങ്കർ വന്നു. ശങ്കർ കുറച്ച് എഴുതി. പിന്നെ ഏറ്റവും ഒടുവിലാണ് രാജുവിലേക്ക് ചിത്രം എത്തുന്നത്,’അനൂപ് മേനോൻ പറയുന്നു.
Content Highlight: Anoop Menon Talk About Seventh day Movie And Ennu Ninte Moitheen