'ആദ്യ ദിനം സിനിമക്ക് ആറ് പേര് മാത്രം, മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ പടം എടുത്ത് കളഞ്ഞു'
Malayalam Cinema
'ആദ്യ ദിനം സിനിമക്ക് ആറ് പേര് മാത്രം, മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ പടം എടുത്ത് കളഞ്ഞു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 23rd October 2023, 2:31 pm

അനൂപ് മേനോൻ തിരക്കഥയൊരുക്കി രാജീവ് നാഥിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് ‘പകൽ നക്ഷത്രങ്ങൾ’. ഇറങ്ങിയ സമയം തിയേറ്ററിൽ പരാജയമായിരുന്നെങ്കിലും കാലങ്ങൾക്കിപ്പുറം പ്രേക്ഷകർക്കിടയിൽ ചർച്ചകൾക്ക് വഴിവച്ച ചിത്രമാണ് പകൽ നക്ഷത്രങ്ങൾ. പ്രമേയം തന്നെയായിരുന്നു പകൽ നക്ഷത്രത്തെ വ്യത്യസ്തമാക്കിയത്.

‘ ജീവിച്ചിരിക്കുന്നവരുടേതാണോ മരിച്ചവരുടെതാണോ യഥാർത്ഥ ലോകം. നമ്മൾ തന്നെയാണ് ജീവിച്ചിരിക്കുന്നത് എന്നതിന് എന്താണ് ഉറപ്പ്, അവരുടേതായിരിക്കില്ലേ യഥാർത്ഥ ലോകം, ‘സിനിമയിൽ സിദ്ധാർത്ഥൻ എന്ന മോഹൻലാൽ കഥാപാത്രം പറയുന്ന വാക്കുകളാണിവ.

ഒരുപാട് ചിത്രങ്ങൾക്ക് കഥ എഴുതിയ അനൂപ് മേനോനിൽ നിന്ന് ഇത്തരത്തിലൊരു സിനിമ പിന്നീട് സംഭവിച്ചിട്ടില്ല. അതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുകയാണ് അനൂപ് മേനോൻ. പകൽ നക്ഷത്രങ്ങൾ കാണാനായി ആദ്യദിനം തീയേറ്ററിൽ ചെന്നപ്പോഴുള്ള അനുഭവവും അനൂപ് മേനോൻ പങ്കുവച്ചു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘പ്രാക്ടിക്കലായി സിനിമയെ സമീപിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പകൽ നക്ഷത്രങ്ങൾ പോലൊരു സിനിമയാണ് ഞാൻ എന്നും ചെയ്യാൻ ആലോചിക്കുന്നതെങ്കിൽ കഴിഞ്ഞ 12 വർഷം കൊണ്ട് മാക്സിമം പോയാൽ മൂന്ന് സിനിമകൾ മാത്രമേ എനിക്ക് ചെയ്യാൻ കഴിയുകയുള്ളു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

കാരണം പകൽ നക്ഷത്രങ്ങൾ കാണാനായി ഞാൻ ആദ്യ ദിനം തിരുവനന്തപുരത്തെ ഒരു തിയേറ്ററിൽ പോയപ്പോൾ അവിടെ സിനിമ കാണാൻ പ്രേക്ഷകരായി ആകെ ആറ് പേര് മാത്രമേ ഉണ്ടായിരിന്നുള്ളു. ആ സിനിമ മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ തിയേറ്ററിൽ നിന്ന് എടുത്ത് കളഞ്ഞു.

അങ്ങനെയൊരു സിനിമയെ നമ്മൾ ചെയ്യുകയുള്ളു എന്ന് കരുതിയാൽ എന്തിനാണോ നമ്മൾ സിനിമയിലേക്ക് വന്നത്, അല്ലെങ്കിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് സ്വയം വിശ്വസിക്കുന്ന ഒരു തൊഴിൽ നമുക്ക് അന്യം നിന്ന് പോവും. നമ്മൾ ഒന്നുമാവാൻ കഴിയാതെ അതിലൊരു അനാഥ തീരത്തായി പോവും.

അതുകൊണ്ട് തന്നെ പകൽ നക്ഷത്രങ്ങൾ പോലൊരു സിനിമയുടെ അല്ലെങ്കിൽ അത്തരത്തിലൊരു ആശയത്തിൽ ചിത്രം ചെയ്യുക എന്നത് ചിന്തിക്കേണ്ട കാര്യമാണ്,’അനൂപ് മേനോൻ പറയുന്നു.

Content Highlight: Anoop Menon Talk About Pakal Nakshathrangal Movie