ഒരു സമയത്ത് തുടർച്ചയായി സിനിമകൾ ചെയ്തിരുന്ന കൂട്ടുകെട്ടായിരുന്നു അനൂപ് മേനോൻ-ജയസൂര്യ. അനൂപ് മേനോനിന്റെ തിരക്കഥയിൽ ജയസൂര്യ നായകനായി ഇറങ്ങിയ ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാൽ പിന്നീട് ഇരുവരും ചേർന്നൊരു സിനിമ സംഭവിച്ചിട്ടില്ലായിരുന്നു.
ബ്യൂട്ടിഫുൾ 2 ഉടനെ ചെയ്യുമെന്നും അതിൽ ജയസൂര്യ ഉണ്ടാവില്ലയെന്നും അനൂപ് മേനോൻ ഈയിടെ പറഞ്ഞിരുന്നു. ഇരുവരും പിരിയാൻ ഉണ്ടായ കാരണമെന്തെന്ന് പറയുകയാണ് അനൂപ് മേനോൻ. രണ്ട് പേരും ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അതെന്നും കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അനൂപ് മേനോൻ പറഞ്ഞു.
‘വിനയൻ സാറിന്റെ കാട്ടുചെമ്പകത്തിലൂടെയാണ് ഞാനും ജയസൂര്യയും സുഹൃത്തുക്കൾ ആവുന്നത്. ഞങ്ങളുടെ സൗഹൃദം ഇപ്പോഴും ദൃഢമായി തന്നെയുണ്ട്. ഞാൻ ജയനെ വെച്ചായിരുന്നു കൂടുതൽ സിനിമകളും എടുത്തുകൊണ്ടിരുന്നത്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, കാലിഫോർണിയ, ഡേവിഡ് ആൻഡ് ഗോലിയത്ത് ഇതെല്ലാം ഞങ്ങൾ ഒരുമിച്ചു ചെയ്ത സിനിമകൾ ആയിരുന്നു.
ആ സമയത്താണ് രഞ്ജിയേട്ടൻ എന്നോട് പറയുന്നത് നീയൊരു ആക്ടർ കൂടിയാണെന്ന്. തിരക്കഥാകൃത്തിന് ഒരു വർഷം മാക്സിമം ചെയ്യാൻ കഴിയുന്നത് ഒന്നോ രണ്ടോ സിനിമകളാണ്. കഴിഞ്ഞ ഒമ്പത് വർഷങ്ങൾ കൊണ്ട് എനിക്ക് ചെയ്യാൻ കഴിയുന്ന മാക്സിമം തിരക്കഥകൾ ചിലപ്പോൾ ഏകദേശം 10 എണ്ണമായിരിക്കും. പക്ഷെ ഇപ്പോൾ ആ സമയം കൊണ്ട് ഒരു നൂറോളം സിനിമകളിൽ ഞാൻ അഭിനയിച്ചു.
ആ ഒരു തീരുമാനം ഞങ്ങൾ ഒരുമിച്ച് എടുത്തതാണ്. അതിന് ശേഷം വെള്ളം, ക്യാപ്റ്റൻ പോലെയുള്ള നല്ല സിനിമകളുടെ ഭാഗമാകാൻ ജയന് പറ്റി. വേറൊരു വശത്ത് എനിക്കും പാവാട, വിക്രമാദിത്യൻ പോലുള്ള സിനിമകൾ ചെയ്യാൻ പറ്റി. ഒരുമിച്ച് ആ സമയത്ത് നിന്നിരുന്നെങ്കിൽ ഞങ്ങൾ രണ്ട് പേരും അങ്ങനെ നിന്ന് പോയേനേ. ഒരേതരം സിനിമകൾ ചെയ്ത്, കുറച്ചു കഴിഞ്ഞ് ഞങ്ങൾക്ക് തന്നെ പരസ്പരം വെറുക്കുന്ന അവസ്ഥയിലേക്ക് എത്തിചേർന്നേനെ.
അതൊരു നല്ല തീരുമാനമായിരുന്നു. ജയനും കരിയറിൽ മാറ്റം വന്നു, എനിക്കും കരിയറിൽ മാറ്റം വന്നു. കാലിഫോണിയ എന്ന ചിത്രത്തിന് ശേഷം ഞങ്ങൾ തീരുമാനിച്ചത് തന്നെയാണ്.
അതിന് ശേഷം പ്രിയേട്ടന്റെ ആമയും മുയലും സിനിമയിൽ ഒരു ചെറിയ വേഷത്തിൽ മാത്രമേ ഞാൻ ജയന്റെ കൂടെ അഭിനയിച്ചിട്ടുള്ളു. ഞങ്ങളുടെ തീരുമാനം ശരിയായിരുന്നു,’അനൂപ് മേനോൻ പറയുന്നു.
Content Highlight: Anoop Menon Talk About Connection With Jayasurya