രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2008ല്‍ പുറത്ത് വന്ന ചിത്രമാണ് തിരക്കഥ. അനൂപ് മേനോന്‍, പ്രിയാ മണി, പൃഥ്വിരാജ്, സംവൃത സുനില്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനൂപ് മേനോന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ രചിച്ചതും.
തിരക്കഥയെ പറ്റി കമല്‍ ഹാസന്‍ തന്നോട് സംസാരിച്ച സംഭവം പങ്കുവെക്കുകയാണ് അനൂപ് മേനോന്‍. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ ഹാസനും ശ്രീദേവിയും തമ്മിലുള്ള പ്രണയമാണ് സിനിമയില്‍ കാണിക്കുന്നതെന്ന ചര്‍ച്ചകളെ പറ്റി പറഞ്ഞപ്പോഴായിരുന്നു കമല്‍ഹാസന്‍ അതിനെ പറ്റി ചോദിച്ച സംഭവം അനൂപ് മേനോന്‍ പങ്കുവെച്ചത്.
‘കുറെ കാലങ്ങള്‍ക്ക് ശേഷം കമല്‍ സാര്‍ അതിനെ പറ്റി എന്നോട് ചോദിച്ചു. ദശാവതാരത്തിന്റെയാണോ വിശ്വരൂപത്തിന്റെയാണോ എന്നറിയില്ല, പ്രൊമോഷനായി ഇവിടെ എത്തിയപ്പോള്‍ വളരെ അവിചാരിതമായി എന്നെ കണ്ടു. അതുപോലെയൊന്നുമല്ല കേട്ടോ എന്ന് എന്നോട് പറഞ്ഞു. ഞാന്‍ വിദ്യയെ എന്തിനാണ് അവസാനം കാണാന്‍ പോയതെന്ന് അറിയാമോ എന്ന് എന്നോട് ചോദിച്ചു. എന്താണ് എനിക്ക് അറിയാന്‍ ആഗ്രഹമുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അത് പറയണമെങ്കില്‍ ഞാന്‍ കമല്‍ ഹാസനല്ലായിരിക്കണം, എന്നായിരുന്നു അദ്ദേഹ്ത്തിന്റെ മറുപടി,’ അനൂപ് മേനോന്‍ പറഞ്ഞു.
ചിത്രത്തിലേക്ക് തന്നെ നായകനായി തെരഞ്ഞെടുത്തതിനെ പറ്റിയും അനൂപ് മേനോന്‍ സംസാരിച്ചു. ‘നായകനായി എന്തായാലും എന്നെ വിളിക്കില്ലല്ലോ. അതുകൊണ്ട് ക്യാരക്ടര്‍ റോള്‍ എന്തെങ്കിലും ചെയ്യാം എന്ന് വിചാരിച്ച് ഇരിക്കുകയാണ് ഞാന്‍. അജിത്തിനെയോ മാധവനെയോ കൊണ്ടുവരാമെന്നും തമിഴ്-മലയാളം ബൈലിങ്ക്വലായി ചെയ്യാമെന്നുമൊക്കെയായിരുന്നു അന്ന് പ്ലാന്‍.
ഏതോ ഒരു ദിവസം ഷഹബാസ് അമനെ വീട്ടില്‍ കൊണ്ടാക്കാന്‍ പോവുകയാണ്. ഞാനും എം. പദ്മകുമാറും രഞ്ജിയേട്ടനും വണ്ടിയിലുണ്ട്. ഞാനാണ് വണ്ടിയോടിക്കുന്നത്. മാധവന് ഡേറ്റിന്റെ പ്രശ്‌നമാണെന്നൊക്കെ പപ്പേട്ടന്‍ ഇരുന്ന് പറയുന്നുണ്ട്. ഈ സിനിമയുടെ നായകനാണ് ഇപ്പോള്‍ നമ്മുടെ വണ്ടിയോടിക്കുന്നത് എന്ന് രഞ്ജിയേട്ടന്‍ പറഞ്ഞു. എനിക്കത് ഭയങ്കര ഷോക്കായിരുന്നു. ഒരിക്കലും അങ്ങനെ കിട്ടുമെന്ന് കരുതിയതല്ല, പക്ഷേ കിട്ടി,’ അനൂപ് മേനോന്‍ പറഞ്ഞു.
Content Highlight: Anoop Menon shares the incident when Kamal Haasan spoke to him about Thirakadha movie