| Thursday, 24th March 2022, 5:22 pm

ശാപം കിട്ടണ്ടല്ലോ എന്ന് വിചാരിച്ചാണ് പുതിയ സംവിധായകരുടെ സിനിമ ചെയ്യുന്നത്: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓരോ പുതിയ ആളുകളും കഥപറയാന്‍ വരുമ്പോള്‍ ആലോചിക്കുന്നത് തന്റെ പഴയകാലമാണെന്നും, അവരുടെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ശാപമേല്‍ക്കാതിരിക്കാന്‍ വേണ്ടിയാണ് എപ്പോഴും പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നതെന്നും അനൂപ് മേനോന്‍. ’21 ഗ്രാംസ്’ ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് താരം ഈ കാര്യം പറയുന്നത്.

”എന്റെ കരിയറില്‍ മുഴുവന്‍ ഞാന്‍ പുതിയ സംവിധായകരുടെ കൂടെയാണ് കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. എനിക്ക് തോന്നുന്നു മാസ്റ്റേഴ്സ് എന്ന് പറയാന്‍ രഞ്ജിയേട്ടന്‍, ലാല്‍ ജോസ്, വിനയന്‍ സാര്‍ അങ്ങനെയുള്ള കുറച്ചുപേര്‍ മാത്രമാണ്.

ജോഷി സാര്‍, സത്യന്‍ അന്തിക്കാട്, റോഷന്‍, അന്‍വര്‍ റഷീദ്, അമല്‍ എന്നിവരുടെ സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ഞാന്‍ ഏറ്റവും കൂടുതല്‍ പുതിയ ആള്‍ക്കാരുടെ സിനിമയിലാണ് അഭിനയിച്ചത്. എനിക്ക് തോന്നുന്നു അത് എന്റെ സ്വാര്‍ത്ഥതയാണെന്ന്.

ഞാന്‍ സീരിയലില്‍ നിന്ന് സിനിമയിലേക്ക് വരുന്ന ആ സമയത്ത് ഭയങ്കര പാടായിരുന്നു. ഭയങ്കര കഷ്ടപ്പാട് എന്ന് വെച്ചാല്‍, ഇതിനകത്ത് ആ ഒരു ഗ്യാപ്പ് ബ്രിഡ്ജ് ചെയ്യാന്‍ എളുപ്പമല്ല. ഒരു സീരിയല്‍ അഭിനേതാവില്‍ നിന്ന് ഒരു സിനിമയിലെ നായകനായി എത്തുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. ആ ഭാഗ്യം എനിക്ക് മാത്രമുള്ളു. ആ സമയത്ത് ഞാന്‍ അനുഭവിച്ച അല്ലെങ്കില്‍ കടന്നുപോയ ഒരുപാട് കാര്യങ്ങളുണ്ട്.

ഈ പുതിയ ആള്‍ക്കാര്‍ വന്ന് കഥ പറയുമ്പോള്‍ ഞാന്‍ ആലോചിക്കുന്നത് എന്റെ തന്നെ പഴയകാലമാണ്. എന്റെ അടുത്ത് കഥ പറഞ്ഞ് കഴിഞ്ഞ് ആദ്യം ഓരോ സംവിധായകനും വിളിക്കുന്നത് അവന്റെ അച്ഛനെയോ അമ്മയെയോ ആയിരിക്കും. കാരണം, അവിടെ കഥ പറഞ്ഞത് എന്തായി എന്ന് കേള്‍ക്കാന്‍ അച്ഛനോ, അമ്മയോ, കാമുകിയോ, സുഹൃത്തുക്കളോ, കുടുബാംഗങ്ങളോ ഉണ്ടാവും. അപ്പോള്‍ ഇവരുടെ മുഴുവന്‍ ശാപമായിരിക്കും ഞാന്‍ വാങ്ങിച്ചു വെക്കുന്നത്,” അനൂപ് മേനോന്‍ പറഞ്ഞു.

”എന്റെ തിരക്കഥ എന്ന സിനിമയ്ക്ക് മുമ്പ് എനിക്ക് ചില സിനിമകള്‍ വന്നിരുന്നു. ആ സമയത്ത് പല വലിയ സംവിധായകരുടെ പടങ്ങളില്‍ വിളിച്ചിട്ട് രണ്ട് ദിവസം കഴിയുമ്പോള്‍ അത് മാറും. ഞാന്‍ അപ്പോഴേക്കും എന്റെ അച്ഛനെ വിളിച്ച് പറഞ്ഞിട്ടുമുണ്ടാവും. അവര്‍ ഭയങ്കര സന്തോഷത്തിലായിരിക്കും.

അത് പോയി എന്ന് അവരോട് ഞാന്‍ പറഞ്ഞാല്‍ അവരുടെ മുഖം ഞാന്‍ കാണാറുണ്ട്. ഓരോ പുതിയ സംവിധായകര്‍ വരുമ്പോള്‍ എനിക്ക് എന്റെ അച്ഛന്റയും അമ്മയുടെയും മുഖം ഓര്‍മ വരും. ശാപം കിട്ടണ്ടല്ലോ എന്ന് വിചാരിച്ചിട്ടാണ് ഞാന്‍ സിനിമ ചെയ്യുന്നത്. പക്ഷേ അതെല്ലാം നന്നായിട്ട് സംഭവിച്ചിട്ടുള്ളു,” അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം മാര്‍ച്ച് 18 ന് തിയേറ്ററുകളിലെത്തിയ 21 ഗ്രാംസ് പ്രദര്‍ശനം തുടരുകയാണ്. ബിബിന്‍ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുന്ന കൊലപാതക പരമ്പരകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദ കിഷോറായാണ് അനൂപ് മേനോന്‍ സിനിമയില്‍ അഭിനയിക്കുന്നത്.

അനൂപ് മേനോന് പുറമേ, ലെന, സംവിധായകന്‍ രഞ്ജിത്, രഞ്ജി പണിക്കര്‍, ലിയോണ ലിഷോയ്, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: Anoop Menon says the reason behind acting in films with a new director

We use cookies to give you the best possible experience. Learn more