സുരേഷ് ഗോപിയെ നായകനാക്കി ദിഫാന്റെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഡോള്‍ഫിന്‍സ്. അനൂപ് മേനോന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കല്പന, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, മേഘ്ന രാജ്, സൈജു കുറുപ്പ്, നന്ദു, മധു തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഒരു ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രത്തിന്റെ ഷൂട്ട് നിന്ന് പോയെന്നും സുരേഷ് ഗോപി തന്ന കാശ് കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചതെന്നും പറയുകയാണ് അനൂപ് മേനോന്. കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിലാണ് അനൂപ് മേനോന് ഇക്കാര്യം പറഞ്ഞത്.
‘ആദ്യമെഴുതിയ തിരക്കഥയില്‍ നിന്നുമുള്ള ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാന്‍ പൈസ ഇല്ലാത്തതുകൊണ്ട് മാറ്റി ഷൂട്ട് ചെയ്ത സിനിമയാണ് ഡോള്‍ഫിന്‍സ്. ഡോള്‍ഫിന്‍സില്‍ എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്നത് അതിന്റെ ക്ളൈമാക്സാണ്.
കല്പന ചേച്ചിയും സുരേഷേട്ടനും ഇരുന്ന് മസാല ദേശ കഴിക്കുന്ന സീനും, സെക്രട്ടേറിയേറ്റിന്റെ അടുത്തുകൂടിയുള്ള നടത്തവും, ഇത് രണ്ടും മാത്രമേ ഒറിജിനല്‍ സ്ക്രീന്‍ പ്ലേയിലുള്ളൂ.
40 തോളം സീനുകള്‍ മാറ്റിവെച്ചിട്ടാണ് അത് ഷൂട്ട് ചെയ്തത്. അതിന് കാരണം സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരു പോയിന്റ് കഴിഞ്ഞ് ഇത് മുന്നോട്ട് പോയില്ല. സുരേഷ് ഗോപി കാശ് തന്നിട്ടാണ് ഒരു ഘട്ടത്തില്‍ നിന്നു പോയ ആ സിനിമ മുന്നോട്ട് പോയത്.
ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല. എന്റെ കയ്യിലാണ് സുരേഷേട്ടന് കാശ് തന്നത്. നീ ഈ പടം തീര്‍ക്കണം. എനിക്ക് അത്രയും ഇഷ്ടപ്പെട്ട സിനിമയാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഡോള്‍ഫിന്‍സ് തീര്‍ത്തത്,’ അനൂപ് മേനോന് പറഞ്ഞു.
Content Highlight: Anoop Menon says that the film DOLPHINS was completed with the money given by Suresh Gopi