നടൻ അനൂപ് മേനോന്റെ തിരക്കഥയിൽ വി.കെ. പ്രകാശ് അണിയിച്ചൊരുക്കിയ ചിത്രമാണ് ബ്യൂട്ടിഫുൾ. ജയസൂര്യയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.
പിന്നീട് സോഷ്യൽ മീഡിയ സജീവമായപ്പോൾ ബ്യൂട്ടിഫുൾ ഫ്രഞ്ച് സിനിമയായ ‘ദി ഇൻടച്ചബിൾസ്’ എന്ന ചിത്രത്തിൽ നിന്ന് ഇൻസ്‌പയർഡ് ആണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ ബ്യൂട്ടിഫുളിന്റെ കഥ തന്റെ മാത്രം സൃഷ്ടിയാണെന്നും ബ്യൂട്ടിഫുൾ റിലീസ് ആയതിനുശേഷമാണ് ഫ്രഞ്ച് സിനിമ പുറത്തിറങ്ങിയതെന്നുമാണ് അനൂപ് മേനോൻ പറയുന്നത്.
ബ്യൂട്ടിഫുൾ സിനിമയുടെ ഓർമ്മകൾ മിർച്ചി മലയാളത്തോട് പങ്കുവെക്കുകയായിരുന്നു അനൂപ് മേനോൻ.
‘പലരും പറയുന്നുണ്ട് ബ്യൂട്ടിഫുൾ എന്ന സിനിമ ഒരു ഫ്രഞ്ച് സിനിമയുടെ ഇൻസ്പിറേഷൻ ആണെന്ന്. ഞാൻ ചെയ്യ്ത കോക്ക്ടേൽ എന്ന സിനിമ മറ്റൊരു ചിത്രത്തിൽ നിന്ന് ഉണ്ടായതാണെന്ന് ഞാൻ സമ്മതിക്കാം. ആ ചിത്രം എന്റെ പേരിലല്ല പുറത്തിറങ്ങിയിട്ടുള്ളത്. എന്നാൽ ബ്യൂട്ടിഫുളിന്റെ സത്യം എനിക്ക് തുറന്നു പറയണം.
ആ സിനിമ ഇറങ്ങിയത് ബ്യൂട്ടിഫുൾ ഇറങ്ങിയതിന് ശേഷമാണ്. അത് ആർക്ക് വേണമെങ്കിലും പരിശോധിക്കാം. ബ്യൂട്ടിഫുൾ അങ്ങനെയുള്ള സിനിമയല്ല. ബ്യൂട്ടിഫുൾ എന്ന സിനിമയുടെ കഥ ഉണ്ടാവുന്നത് തന്നെ ഒരിക്കൽ ജയസൂര്യയുടെ കാലൊടിഞ്ഞു കിടക്കുമ്പോഴാണ്.
ജയസൂര്യയ്ക്ക് കുറച്ചുകാലത്തേക്ക് ഒരു സിനിമയും ചെയ്യാൻ പറ്റില്ല എന്ന സ്ഥിതി വന്നപ്പോൾ, അത് ഉപയോഗിക്കാം എന്ന് കരുതിയാണ് സിനിമ മുഴുവൻ കിടന്നു കൊണ്ട് അഭിനയിക്കാവുന്ന തരത്തിൽ അങ്ങനെയൊരു കഥ എഴുതിയത്. വേണമെങ്കിൽ ജയസൂര്യയോട് ചോദിക്കാം.
മറ്റേതൊരു ഫ്രഞ്ച് സിനിമയാണ്. ആ സിനിമ എഴുതിയ ആളുടെ വീട്ടിൽ ചെന്ന് കഥ മോഷ്ടിച്ചാൽ മാത്രമേ എനിക്ക് ആ കഥ വച്ച് ബ്യൂട്ടിഫുൾ എടുക്കാൻ പറ്റുകയുള്ളൂ,’ അനൂപ് മേനോൻ പറയുന്നു.
ബ്യൂട്ടിഫുളിന് ഒരു തുടർച്ചയുണ്ടാകുമെന്ന് അനൂപ് മേനോൻ ഈയിടെ വ്യക്തമാക്കിയിരുന്നു. തിരക്കഥ പുരോഗമിക്കുന്ന ചിത്രത്തിൽ ജയസൂര്യ ഉണ്ടാവില്ലയെന്നും മറ്റു കഥാപാത്രങ്ങളെ തീരുമാനിക്കുന്നേയുള്ളൂവെന്നും അനൂപ് മേനോൻ പറഞ്ഞിരുന്നു.
Content Highlight: Anoop Menon Says That Beautiful Movie Is Not Inspired