അഞ്ച് പതിറ്റാണ്ടോളം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന മികച്ച നടിമാരില്‍ ഒരാളായിരുന്നു സുകുമാരി. വിവിധ ഭാഷകളിലായി 2500 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള സുകുമാരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. മികച്ച സഹ നടിക്കുള്ള നാഷണല്‍ അവാര്‍ഡും സുകുമാരി സ്വന്തമാക്കിയിട്ടുണ്ട്.
സുകുമാരിയെ കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോന്‍. തന്നെ എപ്പോഴും സപ്പോര്‍ട്ട് ചെയ്തിരുന്ന ഒരാളാണ് സുകുമാരിയെന്ന് അനൂപ് മേനോന്‍ പറയുന്നു. സിനിമയില്‍ നിന്ന് മാറി സീരിയല്‍ ചെയ്യുന്ന സമയത്ത് പലരെയും വിളിച്ച് തനിക്ക് വേണ്ടി സിനിമയില്‍ ചാന്‍സ് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലാല്‍ ജോസ് ക്ലാസ്‌മേറ്റ്‌സ് സിനിമ ചെയ്യുന്ന സമയത്ത് ലാല്‍ ജോസിനെ വിളിച്ച് തനിക്ക് പറ്റിയ വേഷമുണ്ടെങ്കില്‍ അഭിനയിപ്പിക്കാന്‍ സുകുമാരി പറഞ്ഞെന്നും ധനുഷിനോടും ഇതുപോലെ തനിക്ക് വേണ്ടി ചാന്‍സ് ചോദിച്ച് സുകുമാരി വിളിച്ചിട്ടുണ്ടെന്നും അനൂപ് മേനോന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍.
‘എന്നെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്ന ആളായിരുന്നു സുകുമാരിയമ്മ. സിനിമയില്‍ നിന്നെല്ലാം മാറി സീരിയല്‍ ചെയുന്ന സമയത്തും സിനിമ ചെയ്യാന്‍ എന്നെ നിര്‍ബന്ധിക്കുമായിരുന്നു. പലരെയും വിളിച്ച് എനിക്ക് വേണ്ടി സുകുമായിയമ്മ ചാന്‍സ് ചോദിച്ചിട്ടുണ്ട്. ഞാന്‍ എന്റെ ജീവിതത്തില്‍ ചാന്‍സ് ചോദിച്ചിട്ടില്ല.
പക്ഷെ എനിക്ക് വേണ്ടി ക്ലാസ്‌മേറ്റ്‌സ് സമയത്ത് ലാലു (ലാല്‍ ജോസ്)ചേട്ടനോട് സുകുമാരിയമ്മ വിളിച്ചിട്ടുണ്ട്. അപ്പോള്‍ ലാലു ചേട്ടന്‍ പറഞ്ഞത്, ഇത് കോളേജ് പിള്ളേരുടെ കഥയാണ്. അവന് പ്രായം കൂടുതലാണെന്നാണ്. അവരുടെ വലിയ പ്രായം കാണിക്കുമ്പോള്‍ അവനെ വിളിക്കുമോ എന്നെല്ലാം ചോദിച്ചിരുന്നു.
എന്നാല്‍ ഞാന്‍ ഞെട്ടിപോയൊരു കാര്യം ഒരു ദിവസം സീരിയലിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അമ്മ എന്റെ അടുത്ത് വന്ന് ഫോണ്‍ തന്നിട്ട് സംസാരിക്ക് എന്ന് പറഞ്ഞു. നോക്കുമ്പോള്‍ ധനുഷ്. ഇവിടെ ഇങ്ങനെ ഒരു ആക്ടര്‍ ഉണ്ട്, പറ്റിയാല്‍ അവിടെ കൊണ്ടുപോയി അഭിനയിപ്പിച്ചോളൂവെന്ന് അദ്ദേഹത്തിന്റെ അടുത്ത് പറഞ്ഞേക്കുകയാണ്,’ അനൂപ് മേനോന്‍ പറയുന്നു.
Content Highlight: Anoop Menon Says Sukumari Asked Dhanush And Lal Jose For A chance in movies