അഞ്ച് ദിവസം കൊണ്ട് മോഹന്‍ലാലിനായി ആ കഥ എഴുതി; അന്ന് സംവിധായകന്‍ എന്നെ മുറിയില്‍ പൂട്ടിയിട്ടു: അനൂപ് മേനോന്‍
Entertainment
അഞ്ച് ദിവസം കൊണ്ട് മോഹന്‍ലാലിനായി ആ കഥ എഴുതി; അന്ന് സംവിധായകന്‍ എന്നെ മുറിയില്‍ പൂട്ടിയിട്ടു: അനൂപ് മേനോന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st July 2024, 9:45 pm

അനൂപ് മേനോന്റെ തിരക്കഥയില്‍ രാജീവ് നാഥ് സംവിധാനം ചെയ്ത് 2008ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പകല്‍ നക്ഷത്രങ്ങള്‍. മോഹന്‍ലാല്‍ നായകനായ ഈ സിനിമ അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമായിരുന്നു. മോഹന്‍ലാലിന് പുറമെ സുരേഷ് ഗോപി, മുരളി, കല്‍പന, അനൂപ് മേനോന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയ താരനിരയും ഒന്നിച്ചിരുന്നു.

അഞ്ച് ദിവസം കൊണ്ട് മോഹന്‍ലാലിന് വേണ്ടി എഴുതിയ കഥയായിരുന്നു പകല്‍ നക്ഷത്രങ്ങളുടേത് എന്ന് പറയുകയാണ് അനൂപ് മേനോന്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിന് വേണ്ടി കഥ എഴുതിയപ്പോള്‍ പ്രഷര്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പ്രഷര്‍ അനുഭവിക്കാനുള്ള സമയം തനിക്ക് കിട്ടിയില്ലെന്നും പെട്ടെന്ന് കഥ എഴുതണമെന്ന് പറഞ്ഞ് സംവിധായകന്‍ തന്നെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു എന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

‘ആ സിനിമക്ക് വേണ്ടി ഞാന്‍ നേരിട്ട പ്രഷറിനെ കുറിച്ച് ചോദിച്ചാല്‍, സത്യത്തില്‍ അങ്ങനെ പ്രഷര്‍ അനുഭവിക്കാനുള്ള സമയം എനിക്ക് കിട്ടിയിട്ടില്ലായിരുന്നു. കാരണം അഞ്ച് ദിവസം കഴിഞ്ഞിട്ടുള്ള ഡേറ്റ് മോഹന്‍ലാല്‍ തന്നിട്ടുണ്ട്. അതുകൊണ്ട് പെട്ടെന്ന് എഴുതണം എന്ന് പറഞ്ഞ് രാജീവേട്ടന്‍ എന്നെ ഒരു മുറിയില്‍ പൂട്ടിയിടുകയായിരുന്നു. അതാണ് പകല്‍ നക്ഷത്രം എഴുതുമ്പോള്‍ സംഭവിച്ചത്. എന്റെ അപ്പുറത്തുള്ള മുറിയില്‍ രഞ്ജിയേട്ടനും ജയരാജേട്ടനും ഉണ്ടായിരുന്നു.

ഗുല്‍മോഹര്‍ എന്ന സിനിമക്ക് വേണ്ടി ആയിരുന്നു അവര്‍ അവിടെ നിന്നത്. ഞങ്ങള്‍ തിരക്കഥയുടെ രണ്ട് ഷെഡ്യൂള്‍ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു അത്. നമ്മളെ സംബന്ധിച്ച് മോഹന്‍ലാലിനെ നായകനാക്കി കൊണ്ടുള്ള ഒരു സിനിമക്ക് കഥ ഒരുക്കുകയാണ് വേണ്ടത്. അത് വളരെ നല്ല ഒരു അവസരമാണല്ലോ. അതുകൊണ്ട് രണ്ടു ദിവസം കൊണ്ട് ഞാനിരുന്ന് എഴുതി തീര്‍ത്തു. ഫുള്‍ സ്‌ക്രിപ്റ്റായിരുന്നില്ല വണ്‍ലൈനായിരുന്നു എഴുതിയത്,’ അനൂപ് മേനോന്‍ പറഞ്ഞു.


Content Highlight: Anoop Menon Says He Wrote Pakal Nakshathrangal Movie Script In Five Days For Mohanlal