അനൂപ് മേനോനും സുരഭി ലക്ഷ്മിയും ഒന്നിച്ചെത്തിയ പത്മ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് തിയേറ്ററിൽ എത്തിയത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ രവി ശങ്കറായാണ് അനൂപ് മേനോൻ ചിത്രത്തിലെത്തിയത്. പത്മ എന്ന ടൈറ്റിൽ റോളായിരുന്നു സുരഭി അവതരിപ്പിച്ചത്.
അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം എക്സ്ട്രാ മാരിറ്റൽ അഫയറിനെ കുറിച്ചായിരുന്നു സംസാരിച്ചത്. ചിത്രത്തിൽ കഥ നരേറ്റ് ചെയ്യുന്നത് ഒരു മാലാഖയാണ്. ആ മാലാഖക്ക് ശബ്ദം നൽകിയത് ജയസൂര്യയാണ്. തൃശൂർ ശൈലിയിലാണ് സംഭാഷണങ്ങൾ നൽകിയിരിക്കുന്നത്.
ജയസൂര്യയുടെ നരേഷനെക്കുറിച്ച് സംസാരിക്കുകയാണ് അനൂപ് മേനോൻ ഇപ്പോൾ. ജയൻ താൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാവണമെന്ന് ആഗ്രഹമുണ്ടെന്നും അതാണ് മാലാഖയായ ആ നരേറ്ററിന്റെ ശബ്ദം ജയസൂര്യ ചെയ്യട്ടെ എന്ന് തീരുമാനിച്ചതെന്നും പറഞ്ഞിരിക്കുകയാണ് അദ്ദേഹം. കൗമുദി മൂവീസിന് നൽകിയ ആഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജയൻ ( ജയസൂര്യ ) ഞാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ സിനിമയിൽ അവന് ചെയ്യാൻ റോളൊന്നുമില്ല. അപ്പോഴാണ് മാലാഖയായ ആ നരേറ്ററിന്റെ കാര്യം വരുന്നത്. ആദ്യം ആ മാലാഖ ഒരു ഫീമെയിൽ വോയ്‌സ് ആയിരുന്നു. മാലാഖക്ക് ആണും പെണ്ണുമാവാല്ലോ. അങ്ങനെയാണ് ജയൻ സിനിമയിലേക്കെത്തുന്നത്.
പിന്നെ ജയൻ അത് പറയുന്നത് കേൾക്കാൻ തന്നെ ഒരു കൗതുകമുണ്ടാകും. തൃശൂർ ശൈലിയാണ് അവൻ അത് ചെയ്തിരിക്കുന്നത്. പുണ്യാളൻ റഫറൻസ് ആയിരുന്നു അത്. പത്മയിൽ വളരെ സെൻസിറ്റീവ് ആയ, വളരെ ഡെലിഗേറ്റ് ആയ കഥയാണ്. അത് സിമ്പിൾ ആയി ട്രീറ്റ് ചെയ്യുക എന്നത് ശ്രമകരമായ കാര്യമാണ്. എന്നാൽ സിനിമയിൽ ഈ കാര്യങ്ങൾ പറഞ്ഞ് പോയത് കോമിക് ആയ രീതിയിലാണ്,’ അനൂപ് മേനോൻ പറഞ്ഞു.