ഒ.ടി.ടി റിലീസിന് പിന്നാലെ ഒരിക്കല്‍ കൂടി സിനിമാലോകത്തിന്റെ അഭിനന്ദനങ്ങള്‍ക്ക് അര്‍ഹമായിരിക്കുകയാണ് റോഷാക്ക്. സിനിമയുടെ പെര്‍ഫെക്ഷനും ബ്രില്യന്‍സും ഒന്നൊന്നായി ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുമ്പോള്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും ഒപ്പം കൂടുന്നുണ്ട്.
ചിത്രത്തെയും മമ്മൂട്ടിയുടെ മാസ്മരിക പ്രകടനത്തെയും പുകഴ്ത്തി നടന്‍ അനൂപ് മേനോനും വന്നിട്ടുണ്ട്. ഏറ്റവും മികച്ച അഭിനേതാവാണ് മമ്മൂട്ടിയെന്ന് അനൂപ് മേനോന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റോഷാക്കിലെ ലൂക്ക് ആന്റണിയായുള്ള മമ്മൂട്ടിയുടെ പെര്‍ഫോമന്‍സിലെ ഓരോ ഘടകങ്ങളും അനൂപ് മേനോന്‍ എടുത്ത് പറയുന്നുണ്ട്. കെട്ട്യോളാണെന്റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം, അടുത്ത പടിയായി റോഷാക്ക് എന്ന ലോകോത്തര നിലവാരമുള്ള സിനിമയൊരുക്കിയ നിസാം ബഷീര്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.
‘റോഷാക്ക് ഇപ്പോഴാണ് കണ്ടത്. പ്രിയപ്പെട്ട മമ്മൂക്ക, ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് നിങ്ങള്‍.
ഇമോഷണല്‍ രംഗങ്ങളുടെ ഇടക്ക് നല്‍കുന്ന ആ പോസ്, തികച്ചും സാധാരണമായ ക്ലോസ് അപ്പ് ഷോട്ടുകളെ അതിശയിപ്പിക്കുന്നതാക്കി തീര്‍ക്കുന്ന ആ നോട്ടങ്ങള്‍, മോഡുലേഷനിലെ കയ്യൊപ്പുകള്‍, പലതും ഒളിപ്പിക്കുന്ന അടക്കിപ്പിടിച്ച ചിരി…ഒരാളുടെ കഴിവിന് മേല്‍ അയാള്‍ക്കുള്ള പരിപൂര്‍ണമായ അധീശത്വം.
കെട്ട്യോളാണെന്റെ മാലാഖ എന്ന മികച്ച ചിത്രത്തിന് ശേഷം ലോകോത്തര നിലവാരമുള്ള ഒരു സിനിമ ഒരുക്കിയ നിസാം ബഷീറിനും ഒരുപാട് അഭിനന്ദനങ്ങള്‍,’ അനൂപ് മേനോന്‍ പറഞ്ഞു.
റോഷാക്കിന്റെ തിയേറ്റര്‍ റിലീസ് സമയത്തും മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ഓരോ സീനിലെയും മമ്മൂട്ടിയുടെ നോട്ടവും ചിരിയും അതിലൂടെ തെളിയുന്ന വില്ലന്‍ ഭാവവും നഷ്ടബോധവും പ്രതികാരബുദ്ധിയുമെല്ലാം പ്രത്യേകം ചര്‍ച്ച ചെയ്യപ്പെടുകയാണ്.
അതേസമയം തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ച വെച്ചാണ് റോഷാക്ക് ഡിസ്‌നി ഹോട്‌സ്റ്റാറിലെത്തിയിരിക്കുന്നത്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
പ്രതികാരത്തിലൂന്നി കഥ പറയുന്ന ചിത്രത്തിന് സമീര്‍ അബ്ദുള്ളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയും കിരണ്‍ ദാസുമാണ് ക്യാമറയും എഡിറ്റിങ്ങും. മിഥുന്‍ മുകുന്ദനാണ് സംഗീതമൊരുക്കിയിരിക്കുന്നത്.
Content Highlight: Anoop Menon praises Mammootty for his stellar performance in Rorschach