| Saturday, 18th November 2023, 6:22 pm

അഭിനേതാവിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ നൂറിൽ ഒരംശം തിരക്കഥാകൃത്തിന് കിട്ടുന്നില്ല: അനൂപ് മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ നല്ല കഥാകൃത്തുക്കൾ ഇല്ലാത്തതിനുള്ള കാരണം വ്യക്തമാക്കുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ അനൂപ് മേനോൻ. ഫീനിക്സ് എന്ന തന്റെ പുതിയ സിനിമയുടെ വാർത്താ സമ്മേളനത്തിൽ തിരക്കഥാകൃത്ത് മിഥുൻ മാനുവലിന്റെ കൂടെ ഈ വിഷയത്തിൽ സംസാരിക്കുകയായിരുന്നു താരം. മിഥുൻ എന്ന എഴുത്തുകാരന്റെ ഏറ്റവും നല്ല കാര്യം വായന എന്നതാണെന്നും ഇന്നത്തെ തലമുറയ്ക്ക് ഇല്ലാത്തത് അതാണെന്നും അനൂപ് പറയുന്നുണ്ട്.

ഒരു സിനിമയുടെ സെറ്റിന് വേണ്ടി അഞ്ചു കോടി ചെലവാക്കാൻ നിർമാതാവിന് മടിയില്ലെന്നും എന്നാൽ അതിന്റെ തിരക്കഥാകൃത്തിന് അതിന്റെ നൂറിലൊരംശം പോലും ചെലവാക്കുന്നില്ലെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു.

‘മിഥുൻ എന്ന് പറയുന്ന എഴുത്തുകാരന് ഏറ്റവും നല്ല കാര്യമെന്താണെന്ന് വെച്ചാൽ അയാൾ നിരന്തരം വായിക്കുമെന്നതാണ്. ഈ തലമുറയ്ക്ക് നഷ്ടപ്പെട്ടു പോകുന്നത് വായനയാണ്. അക്ഷരങ്ങളോട് പോലും ഇഷ്ടമില്ലാത്ത തലമുറയിലേക്കാണ് നമ്മൾ പോയിക്കൊണ്ടിരിക്കുന്നു. നല്ല വാക്കുകളോട് ഇഷ്ടമല്ല. നല്ല കഥാസന്ദർഭങ്ങളോടെ ഇഷ്ടമല്ല.

ഒരു സിനിമയുടെ സെറ്റിന് അഞ്ചു കോടി ചെലവാക്കാൻ പ്രൊഡ്യൂസറിന് മടിയില്ല. ഒരു റൈറ്ററിനെ ഇരുത്തി നല്ല ശമ്പളം കൊടുത്ത്, അവനിൽ ഇൻവെസ്റ്റ് ചെയ്താൽ അതിൽ നിന്നും കിട്ടുന്ന റിസൾട്ട് ഒരു സെറ്റ് പ്രോപ്പർട്ടിയിൽ നിന്നും കിട്ടില്ല.

അഞ്ചോ ആറോ വർഷം മുന്നേ നമ്മൾ ഒരു സിനിമ ചെയ്യുന്ന സമയത്ത് എന്നോട് ഒരു റൈറ്റർ പറഞ്ഞതാണ്, അയാൾക്ക് അതിൽ നിന്നുള്ള വരുമാനം എന്ന് പറയുന്നത് മൂന്നുലക്ഷം രൂപയാണ്. അതായത് അതിൽ അഭിനയിക്കുന്ന നടന്റെ നൂറിൽ ഒരംശമില്ല അതിലെ റൈറ്ററിന്. അയാൾ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന ആളാണ്.

ഇന്ത്യൻ സിനിമയെ വെച്ചു നോക്കുമ്പോൾ 100% സ്ക്രിപ്റ്റ് തന്നെയാണ് പ്രധാന കാര്യം. ഒരു സംവിധായകനെക്കാൾ മുന്നിൽ ഒരു തിരക്കഥാകൃത്ത് ആണുള്ളത്. ഇത് ചിലപ്പോൾ പൊളിറ്റിക്കൽ ഇൻ കറക്റ്റ് ആയിരിക്കും പക്ഷേ ഇതാണ് യാഥാർത്ഥ്യം. ബാക്കിയുള്ള കാര്യത്തിന് ഇൻവെസ്റ്റ് ചെയ്യാതെ ഇനിയുള്ള നിർമ്മാതാക്കൾ തിരക്കഥാകൃത്തിൽ പണം ചെലവാക്കുക,’ അനൂപ് മേനോൻ പറഞ്ഞു.

Content Highlight: Anoop menon  on screenwriters’ remuneration

We use cookies to give you the best possible experience. Learn more