അനൂപ് മേനോന് സംവിധാനം ചെയ്ത പുതിയ ചിത്രം കിംഗ് ഫിഷ് തിയേറ്ററുകളിലെത്തിയതിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് നിര്‍മാതാവ്.
ചിത്രത്തിലെ പല വ്യക്തികളും പ്രൊമോഷനോട് സഹകരിച്ചില്ലെന്നാണ് നിര്‍മാതാവ് അംജിത്ത് എസ്.കെ. പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അംജിത്ത് നിര്‍മിച്ച ആദ്യ ചിത്രമാണ് കിംഗ് ഫിഷ്. തിയേറ്ററുകളില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോഴും ഏറെ ബുദ്ധിമുട്ടിയാണ് ചിത്രം തീയറ്ററില്‍ എത്തിച്ചതെന്നാണ് അംജിത്ത് വ്യക്തമാക്കുന്നത്.
‘വലിയൊരു സ്ക്രീനില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഇതിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നു. ചില നടീനടന്മാരുടേയും മറ്റും ഭാഗത്തുനിന്ന് നിസഹകരണം ഉണ്ടായി. അവര്‍ പ്രമോഷനുമായി ബന്ധപ്പെട്ട് സഹകരിച്ചില്ല. താനൊരു പുതിയ ആളാണ്. അക്കാരണം കൊണ്ട് കുറേ അനുഭവിക്കേണ്ടിവന്നു,’ അംജിത്ത് പറയുന്നു.
തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഏറെ കഷ്ടപ്പെട്ടാണെങ്കിലും ഈ സിനിമ തീയറ്ററുകളില്‍ എത്തിച്ചു. കിംഗ് ഫിഷ് കൂടുതല്‍ ആളുകളിലേക്ക് എത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും അംജിത്ത് കൂട്ടിച്ചേര്‍ത്തു.
ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാതെ ഒ.ടി.ടിക്ക് നല്‍കാനടക്കം പലരും ആവശ്യപ്പെട്ടെന്നും നിരവധി പേര് ഈ സിനിമയുമായി മുന്നോട്ടു പോകുന്നതില്‍ നിന്നും തന്നെ പിന്‍വലിക്കാന്‍ ശ്രമിച്ചുവെന്നും അംജിത്ത് പറയുന്നു.
‘പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കഴിഞ്ഞുനില്‍ക്കുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ഇത് തിയേറ്ററുകളില്‍ എത്തിക്കാതെ ഒ.ടി.ടിയില്‍ റിലീസ് ചെയ്ത് എന്റെ ഭാഗം സേഫാക്കാന്‍ നോക്കൂവെന്നാണ് പലരും പറഞ്ഞത്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാമെന്ന് ഞാനും അനൂപ് മേനോനും തീരുമാനിക്കുകയായിരുന്നു.
ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് ഇവിടെ എത്തിയിരിക്കുന്നത്. പുതിയ ഒരാള്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയില്‍ എത്തുക എന്നത് ചെറിയ കാര്യമല്ല. ഇവിടെ പിടിച്ചു നില്ക്കുക എന്നത് ബുദ്ധിമുട്ടാണ്,’ അംജിത്ത് പറയുന്നു.
അനൂപ് മേനോന് തന്നെ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നതും അദ്ദേഹം തന്നെയാണ്. രഞ്ജിത്ത്, നന്ദു, ദുര്‍ഗ കൃഷ്ണ, ദിവ്യ പിള്ള, ഇര്‍ഷാദ് അലി, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
Content Highlight: Anoop Menon movie King Fish producer against actors