| Thursday, 14th April 2022, 12:48 pm

ട്രിവാന്‍ഡ്രം ലോഡ്ജിന്റെ രണ്ടാം ഭാഗം എഴുതിത്തുടങ്ങി, അബ്ദുവായിട്ടല്ലെങ്കിലും ജയസൂര്യ ഉണ്ടാകും; ഡബിള്‍ മീനിങ് വിമര്‍ശനത്തിന് മറുപടിയുണ്ട്: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ പ്രകാശ് സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്. വേറിട്ട ഒരു പ്രമേയത്തെ മനോഹരമാക്കി അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. ജയസൂര്യ, ഹണി റോസ്, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.

ട്രിവാന്‍ഡ്രം ലോഡ്ജിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും അതിനായുള്ള കഥ എഴുതി തുടങ്ങിയിട്ടുണ്ടെന്നും പറയുകയാണ് അനൂപ് മേനോന്‍. ഈ വര്‍ഷം അവസാനമാകുമ്പോഴേക്ക് കഥ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനൂപ് മേനോന്‍ ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കംപ്ലീറ്റ്‌ലി ഫ്രെഷ് ആയിട്ടുള്ള ഒരു ടീമായിരിക്കും. കാരണം ആ കഥ നടന്നതിന് എത്രയോ ശേഷം ഉണ്ടാകുന്ന ഒരു കഥയാണ് പറയുന്നത്. അതൊരു ബൈ ലിഗ്വല്‍ ആയിട്ട് വരാവുന്ന, തമിഴ് കള്‍ച്ചറുള്ള ഒരു ലോഡ്ജാണ് പ്ലാന്‍ ചെയ്യുന്നത്. ചിത്രത്തില്‍ ജയസൂര്യ ഉണ്ടാകും. അബ്ദു എന്ന കഥാപാത്രമായിരിക്കില്ല. എഴുതി തുടങ്ങിയിട്ടേ ഉള്ളൂ. അതുകൊണ്ട് തന്നെ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയില്ല, അനൂപ് മേനോന്‍ പറയുന്നു.

ട്രിവാന്‍ഡ്രം ലോഡ്ജ് ഇറങ്ങിയ സമയത്ത് ചിത്രത്തില്‍ കുറച്ച് ഡബിള്‍ മീനിങ് ഉണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഡബിള്‍ മീനിങ് അതിനകത്തില്ലെന്നും എല്ലാം സട്രെയ്റ്റ് മീനിങ്ങേ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു അനൂപ് മേനോന്റെ മറുപടി.

പറയാനുള്ളതെല്ലാം വളരെ ഓപ്പണ്‍ ആയിട്ടാണ് പറഞ്ഞത്. പിന്നെ നമ്മള്‍ ഉപയോഗിച്ച ചില വാക്കുകള്‍ക്ക് ഇങ്ങനെയും ചില അര്‍ത്ഥങ്ങള്‍ ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്. അതാണ് സംഭവിച്ചത്. പിന്നെ ഒരു ലോഡ്ജില്‍ താമസിക്കുന്ന ആള്‍ സംസ്‌കൃതത്തില്‍ സംസാരിക്കില്ലല്ലോ, അനൂപ് മേനോന്‍ പറഞ്ഞു.

ട്രിവാന്‍ഡ്രം ലോഡ്ജ് അല്ലാതെ വേറെ ഏതെങ്കിലും സിനിമയുടെ രണ്ടാം ഭാഗം മനസിലുണ്ടോ എന്ന ചോദ്യത്തോടുള്ള അനൂപ് മേനോന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ എനിക്ക് വളരെയധികം ആഗ്രഹമുള്ള കാര്യമാണ് ഡോള്‍ഫിന്‍ എന്ന പടത്തിന് ഒരു രണ്ടാം ഭാഗം. യഥാര്‍ത്ഥത്തില്‍ അന്ന് ഞാന്‍ ഉദ്ദേശിച്ച ഒരു സിനിമ നമുക്ക് എടുക്കാന്‍ പറ്റിയിരുന്നില്ല. ചില സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു കാരണം.

നമ്മള്‍ അന്ന് ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ച സ്‌ക്രിപ്റ്റ് ആയിരുന്നില്ല പിന്നീട് ഷൂട്ട് ചെയ്തത്. അതിന്റെ ക്ലൈമാക്‌സ് മാത്രമായിരുന്നു ഒറിജിനല്‍ സ്‌ക്രിപ്റ്റ്. അതില്‍ കല്‍പന ചേച്ചിയും സുരേഷേട്ടനും തമ്മിലുള്ള ക്ലൈമാക്‌സ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ അത് വരെയുള്ള പോര്‍ഷന്‍ എന്ന് പറയുന്നത് ഞങ്ങള്‍ എന്താണോ ഉദ്ദേശിച്ചത് അത് ചെയ്യാതെ മറ്റൊരു കഥയെടുത്ത് ഒരു ബാറിനുള്ളില്‍ തന്നെ സെറ്റ് ചെയ്യേണ്ടി വന്നതാണ്. അപ്പോള്‍ എനിക്ക് അതിന്റെ ഒറിജിനല്‍ സ്‌ക്രീന്‍ പ്ലേ ഒന്നൂടെ ചെയ്താല്‍ കൊള്ളാമെന്നുണ്ട്. പണമില്ലാത്തതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്തത്. 45ഓളം സീന്‍ മാറ്റി വെച്ചാണ് ബാറിനകത്ത് സ്വീകന്‍സ് സെറ്റ് ചെയ്തത്, അനൂപ് മേനോന്‍ പറയുന്നു.

വ്യത്യസ്തമായ പേരുകള്‍ സിനിമയ്ക്ക് തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും അനൂപ് മേനോന്‍ പറഞ്ഞു. വ്യത്യസ്തമായ പേരുകളോട് എനിക്ക് വലിയ കമ്പമാണ്. ഡോള്‍ഫിനിലെ പനയമറ്റം സുര പോലുള്ള പേരുകള്‍. അതുപോലെ പദ്മ എന്ന പേര്. പദ്മ എന്റെ ലോസ്റ്റ് ലവ് ആണോ എന്ന് ചിലര്‍ ചോദിച്ചിട്ടുണ്ട്. പകല്‍നക്ഷത്രത്തിലും ട്രിവാന്‍ഡ്രം ലോഡ്ജിലും പദ്മ ഉണ്ട്. ഇപ്പോള്‍ പദ്മ എന്ന പേരില്‍ തന്നെ ഒരു സിനിമ എടുക്കുന്നു. അതുകൊണ്ടായിരിക്കാം ചിലര്‍ അങ്ങനെ ചോദിച്ചത്. എന്നാല്‍ അങ്ങനെ ഒരു പദ്മ ഇല്ല. പദ്മ എന്നപേര് ഇഷ്ടമാണ്. ഖസാഖിന്റെ ഇതിഹാസത്തില്‍ രവിയും പദ്മയും കഥാപാത്രങ്ങളാണ്. അതുപോലെ തന്നെ രവിയും പദ്മയുമാണ് പദ്മയിലെ കഥാപാത്രങ്ങള്‍, അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Anoop menon About Trivandrum Lodge 2

We use cookies to give you the best possible experience. Learn more