| Friday, 9th August 2024, 5:56 pm

ശ്രീവിദ്യയെപ്പറ്റി നിങ്ങള്‍ ഈ കാണിച്ചതൊന്നുമല്ല യാഥാര്‍ത്ഥ്യം എന്നാണ് കമല്‍ സാര്‍ തിരക്കഥ കണ്ടിട്ട് പറഞ്ഞത്: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോന്‍, പൃഥ്വിരാജ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രഞ്ജിത് സംവിധാനം ചെയ്ത സിനിമയാണ് തിരക്കഥ. 2008ല്‍ പുറത്തിറങ്ങിയ ചിത്രം അജയചന്ദ്രന്‍ എന്ന സൂപ്പര്‍സ്റ്റാറും മാളവിക എന്ന നടിയും തമ്മിലുള്ള പ്രണയകഥയാണ് പറഞ്ഞത്. കമല്‍ ഹാസനും, ശ്രീവിദ്യയും തമ്മിലുണ്ടായിരുന്ന പ്രണയത്തെ അടിസ്ഥാനമാക്കിയാണ് രഞ്ജിത് തിരക്കഥ എന്ന സിനിമ ചെയ്തതെന്ന് അന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

തിരക്കഥ റിലീസായ ശേഷം കമല്‍ ഹാസനെ നേരില്‍ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അനൂപ് മേനോന്‍. ട്രാഫിക് എന്ന സിനിമ ചെയ്ത ശേഷമാണ് താന്‍ കമല്‍ ഹാസനെ കണ്ടതെന്നും ആ സിനിമ തമിഴില്‍ ചെയ്യാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെന്ന് അനൂപ് മേനോന്‍ പറഞ്ഞു. തങ്ങള്‍ തമ്മില്‍ ഒരുപാട് നേരം സംസാരിച്ചെന്നും ഏറ്റവുമൊടുവില്‍ തിരക്കഥയെപ്പറ്റി സംസാരിച്ചുവെന്നും അനൂപ് മേനോന്‍ പറഞ്ഞു.

ശ്രീവിദ്യയെപ്പറ്റി നിങ്ങള്‍ ഈ കാണിച്ചുവെച്ചതൊന്നുമല്ല യാഥാര്‍ത്ഥ്യമെന്ന് കമല്‍ ഹാസന്‍ പറഞ്ഞുവെന്ന് അനൂപ് മേനോന്‍ പറഞ്ഞു. അവസാനമായി താന്‍ ശ്രീവിദ്യയെ കാണാന്‍ പോയത് എന്തിനാണെന്ന് അറിയുമോ എന്ന് ചോദിച്ചവെന്നും അറിയില്ലെന്ന് താന്‍ മറുപടി പറഞ്ഞുവെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു.

എന്തിനാണെന്നറിയാനുള്ള താത്പര്യം കൊണ്ട് താന്‍ കാരണം ചോദിച്ചെന്നും അത് പറയണമെങ്കില്‍ താന്‍ കമല്‍ ഹാസന്‍ അല്ലായിരിക്കണം എന്ന് മറുപടി പറഞ്ഞുവെന്നും അനൂപ് മേനോന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ട്രാഫിക് റിലീസായി കുറച്ച് കഴിഞ്ഞപ്പോള്‍ കമല്‍ സാറിനെ നേരില്‍ കാണാന്‍ പറ്റി. അദ്ദേഹവുമായി ഒരുപാട് നേരം സംസാരിച്ചു. ട്രാഫിക്കിനെക്കുറിച്ചാണ് അദ്ദേഹം കൂടുതലായി സംസാരിച്ചത്. ആ സിനിമ തമഴില്‍ ചെയ്യാന്‍ പുള്ളിക്ക് ആഗ്രഹമുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ സംസാരം തിരക്കഥയെപ്പറ്റിയായി. ‘ശ്രീവിദ്യയെപ്പറ്റി നിങ്ങള്‍ ഈ കാണിച്ചതൊന്നുമല്ല യാഥാര്‍ത്ഥ്യം’ എന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്.

‘ശ്രീവിദ്യയെ ഞാന്‍ അവസാനമായി കാണാന്‍ പോയത് എന്തിനാണെന്ന് അറിയുമോ’ എന്ന് പുള്ളി ചോദിച്ചു. എനിക്കറിയില്ല എന്നായിരുന്നു എന്റെ മറുപടി. പക്ഷേ എന്തിനാണ് കാണാന്‍ പോയതെന്ന് അറിയാന്‍ ഉള്ളില്‍ ഒരു ത്വര ഉണ്ടായിരുന്നു. കമല്‍ സാറിനോട് എന്തിനാണെന്ന് ചോദിച്ചപ്പോള്‍, ‘അത് പറയണമെങ്കില്‍ ഞാന്‍ കമല്‍ ഹാസന്‍ അല്ലായിരിക്കണം’ എന്നാണ് പറഞ്ഞത്. പിന്നെയും കുറെ നേരം ഞങ്ങള്‍ സംസാരിച്ച് ഇരുന്നു,’ അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: Anoop Menon about Thirakkadha movie and Kamal Haasan

We use cookies to give you the best possible experience. Learn more