| Tuesday, 10th December 2024, 1:58 pm

തൊണ്ണൂറുകളിലെ ആ മമ്മൂട്ടി ചിത്രവും സൂപ്പർ ഹിറ്റ് വിജയ് സേതുപതി ചിത്രവും ഒരേ കഥ, എന്തുകൊണ്ട് അതാലോചിക്കാൻ പറ്റുന്നില്ല: അനൂപ് മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് സേതുപതിയെ നായകനാക്കി നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ സിനിമയാണ് മഹാരാജ. ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച സിനിമയാണ് മഹാരാജ.

വിജയ് സേതുപതിയുടെ 50ാം സിനിമ എന്ന പ്രത്യേകതയോടുകൂടി വന്ന സിനിമക്ക് ആദ്യ ദിനം തൊട്ട് പോസിറ്റീവ് അഭിപ്രായം മാത്രമാണ് ലഭിച്ചത്. നായകനായി സമീപകാലത്ത് എടുത്തുപറയാന്‍ ഒരു ഹിറ്റില്ലാതിരുന്ന വിജയ് സേതുപതിയുടെ തിരിച്ചുവരവ് കൂടിയാണ് മഹാരാജ. അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നടരാജന്‍ സുബ്രഹ്‌മണ്യം, അഭിരാമി, സച്ചന നമിദാസ് തുടങ്ങിയ മികച്ച താരങ്ങളായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്.

വർഷങ്ങൾക്ക് മുമ്പ് മലയാളത്തിൽ ഇറങ്ങി വലിയ വിജയമായ മമ്മൂട്ടി ചിത്രം കൗരവറിന്റെ കഥയാണ് ഇന്ന് മഹാരാജ എന്ന തമിഴ് ചിത്രത്തില്‍ വന്നതെന്ന് പറയുകയാണ് നടന്‍ അനൂപ് മേനോന്‍. ആ കാര്യം തിരിച്ചറിയുമ്പോള്‍ നമ്മള്‍ എന്തുകൊണ്ട് അത് ചിന്തിച്ചില്ലെന്ന് തോന്നുമെന്നും ഒരു തമിഴ് ഡയറക്ടര്‍ ഇതേ കാര്യം മറ്റൊരു രീതിയില്‍ ആലോചിച്ചുവെന്നും അനൂപ് പറയുന്നു.

‘ഞാന്‍ ഒരു കാര്യത്തിനും പ്രായത്തെ വിശ്വസിക്കാത്ത ആളാണ്. നമ്മള്‍ പ്രായത്തെ കുറിച്ചോ എക്‌സ്പീരിയന്‍സിനെ കുറിച്ചോ സംസാരിച്ചിട്ട് കാര്യമില്ല. എക്‌സ്പീരിയന്‍സ് എന്നത് പോലും വളരെ റിലേറ്റ് ആയിട്ടുള്ള കാര്യമാണ്. പലപ്പോഴും ഇന്ന് പുതിയ ഒരു പയ്യന്‍ വന്നിട്ട് കഥ പറയുമ്പോള്‍, ദൈവമേ എന്തുകൊണ്ട് ഇത് നമ്മള്‍ ആലോചിച്ചില്ലെന്ന് ചിന്തിക്കും. എന്തുകൊണ്ട് അത് ആലോചിക്കാന്‍ പറ്റുന്നില്ലെന്നും ചിന്തിക്കാറുണ്ട്.

പണ്ട് കൗരവറില്‍ പയറ്റിയ കാര്യം തന്നെയാണ് ഇന്ന് മഹാരാജ എന്ന സിനിമയില്‍ വന്നത്. അത് തിരിച്ചറിയുമ്പോള്‍ നമ്മള്‍ എന്തുകൊണ്ട് അത് ചിന്തിച്ചില്ലെന്ന് തോന്നും. ഒരു തമിഴ് ഡയറക്ടര്‍ ഇതേ കാര്യം മറ്റൊരു രീതിയില്‍ ആലോചിച്ചു. അതുകൊണ്ട് എന്നും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ് എഴുത്തും അഭിനയവും സംവിധാനവുമെല്ലാം.

ആ അര്‍ത്ഥത്തില്‍ മറ്റുള്ള ആളുകളുടെ വര്‍ക്ക് കാണുമ്പോള്‍ അനുഭവങ്ങള്‍ വളരെ ആപേക്ഷികമായ കാര്യമാണെന്ന് തോന്നാറുണ്ട്,’ അനൂപ് മേനോന്‍ പറഞ്ഞു.

കൗരവർ

ലോഹിതദാസ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് കൗരവര്‍. 1992ല്‍ പുറത്തിറങ്ങിയ സിനിമയില്‍ മമ്മൂട്ടിക്ക് പുറമെ വിഷ്ണുവര്‍ദ്ധന്‍, തിലകന്‍, മുരളി, അഞ്ജു, ബാബു ആന്റണി, ഭീമന്‍ രഘു തുടങ്ങിയ മികച്ച താരനിരയും ഒന്നിച്ചിരുന്നു. കൗരവര്‍ തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.

Content Highlight: Anoop Menon About Story Of Maharaja Movie

We use cookies to give you the best possible experience. Learn more