| Wednesday, 19th October 2022, 11:24 pm

നമ്മള്‍ തമിഴ് സംസാരിക്കുന്നതിനെ കോമഡിയാക്കിയാല്‍ എങ്ങനെയുണ്ടാകും?, അത് ചെയ്യരുത്; 'നാണ് പ്രിത്തിരാജ് അണൂപ് മേനോന്‍' വീഡിയോയില്‍ അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ ബാലയുടെ ശബ്ദം അനുകരിക്കുന്ന ടിനി ടോമിന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരുന്നു. ‘നാണ് പ്രിത്തിരാജ് ഉണ്ണി മുകുന്ദന്‍…’ എന്ന് തുടങ്ങുന്ന ഡയലോഗ് സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു.

വീഡിയോക്ക് പിന്നാലെ ബാലയെ കുറിച്ച് നിരവധി ട്രോളുകളും വന്നിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ ടിനി ടോമിനോടും രമേഷ് പിഷാരടിയോടുമുള്ള തന്റെ രോഷം ബാല വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോള്‍ ഈ വൈറല്‍ വീഡിയോയെയും ബാലയെയും കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ അനൂപ് മേനോന്‍. വരാല്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖങ്ങളിലും വാര്‍ത്താസമ്മേളനത്തിലും ഈ ട്രോളിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോഴാണ് അനൂപ് മേനോന്‍ തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘ആ ട്രോള്‍ കാണാത്ത ഒരു മലയാളി പോലുമുണ്ടാകില്ല. ആ ട്രോള്‍ ഒരു തമാശയാക്കി എടുക്കുമ്പോള്‍ കുഴപ്പമില്ല. പക്ഷെ അത് ബാലയെ ഹര്‍ട്ട് ചെയ്യുന്ന തരത്തിലാകരുത്. അത്രയേ ഉള്ളു.

ബാല വളരെ നല്ല ഒരു പാവം മനുഷ്യനാണ്. ഇന്നസെന്റായ ആളാണ്. അദ്ദേഹം തമിഴ്‌നാട്ടില്‍ ജനിച്ചു വളര്‍ന്നയാളാണ്. സ്വഭാവികമായും മലയാളം സംസാരിക്കുന്നത് അങ്ങനെയായിരിക്കും.

നമ്മള്‍ തമിഴ് സംസാരിക്കുമ്പോള്‍ കോമഡിയാക്കിയാല്‍ എങ്ങനെയുണ്ടാകും. അത് ചെയ്യരുത്. ടിനി അത് തമാശ രൂപേണ പറഞ്ഞതാണെങ്കിലും അത് അതിനേക്കാളും വലിയ രീതിയില്‍ കത്തിപ്പടര്‍ന്നു.

ബാല എന്നെയും ആ സിനിമക്ക് വിളിച്ചിരുന്നു. ബാല പറഞ്ഞതെല്ലാം സത്യമാണ്, കള്ളമല്ല. ബാല എന്നെയും രാജുവിനെയും വിളിച്ചിട്ടുണ്ട്. എന്നെ കാണാന്‍ വീട്ടിലും വന്നിരുന്നു. പക്ഷെ അന്ന് ആ പടം ചെയ്യാന്‍ പറ്റിയില്ല,’ അനൂപ് മേനോന്‍ പറഞ്ഞു.

നേരത്തെ ഈ വീഡിയോയില്‍ പരാമര്‍ശിക്കുന്ന ഹിറ്റ്‌ലിസ്റ്റ് എന്ന സിനിമയിലേക്ക് അഭിനയിക്കാന്‍ വിളിച്ചതിനെ കുറിച്ച് പൃഥ്വിരാജും സംസാരിച്ചിരുന്നു. ‘സത്യത്തില്‍ ബാലയുടെ ആ സിനിമയില്‍ ഞാന്‍ അഭിനയിക്കാന്‍ ഇരുന്നതായിരുന്നു. മൂന്നോ നാലോ ദിവസത്തെ ഷൂട്ടായിരുന്നു.

നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് എനിക്ക് ചിക്കന്‍ പോക്സ് വന്നു. അതുകൊണ്ട് പോകാന്‍ പറ്റിയില്ല. എന്ത് ക്യാരക്ടറാണെന്നോ എന്താണ് വേഷമെന്നോ എനിക്കറിയില്ലായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാല സംവിധാനം ചെയ്ത ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോയതിന്റെ അനുഭവമായിരുന്നു ഒരു ചാനല്‍ കോമഡി പരിപാടിയില്‍ വെച്ച് ടിനി ടോം പറഞ്ഞത്.

ടിനി ടോമിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇതിനോട് പ്രതികരിച്ചുകൊണ്ട് നടന്‍ ബാലയും രംഗത്തുവന്നിരുന്നു. തനിക്കിതൊന്നും വലിയ തമാശയായി തോന്നുന്നില്ലെന്നും ഒരു സന്തോഷവുമില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം.

Content Highlight: Anoop Menon about Bala, Tini Tom Naanu Prithiraj viral video

We use cookies to give you the best possible experience. Learn more