'മോഹൻലാൽ എനിക്ക് അടുപ്പമുള്ള ഒരാളാണ്, അദ്ദേഹത്തെ പരിചയപെടുന്നവരെല്ലാം കരുതും അവരാണ് അദ്ദേഹത്തിന് പ്രിയപെട്ടതെന്ന്'
Film News
'മോഹൻലാൽ എനിക്ക് അടുപ്പമുള്ള ഒരാളാണ്, അദ്ദേഹത്തെ പരിചയപെടുന്നവരെല്ലാം കരുതും അവരാണ് അദ്ദേഹത്തിന് പ്രിയപെട്ടതെന്ന്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 12th October 2023, 8:58 am

സിനിമ ഇൻഡസ്ട്രിയിൽ തനിക്ക് ഏറ്റവും അടുപ്പമുള്ളയാൾ മോഹൻലാലാണെന്ന് നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. മോഹൻലാൽ തനിക്ക് ഏറ്റവും അടുപ്പമുള്ള ഒരാളാണെന്നും അത് അദ്ദേഹത്തെ പരിചയപ്പെടുന്ന എല്ലാവർക്കും തോന്നാറുണ്ടെന്നും അനൂപ് പറഞ്ഞു.

രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ മോഹൻലാലിന്റെ മെസേജോ കോളോ തനിക്ക് വരാറുണ്ടെന്നും അങ്ങനെ അടുപ്പമുള്ള ആളുകൾ അധികമില്ലെന്നും താരം കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനൂപ് മേനോൻ.

‘സിനിമയിൽ വളരെ അടുപ്പമുള്ള ഒരാളാണ് മോഹൻലാൽ. അത് അദ്ദേഹത്തെ പരിചയപ്പെടുന്ന എല്ലാവർക്കും തോന്നുന്ന ഒരു കാര്യമാണ്. നമ്മൾ വിചാരിക്കും നമ്മളാണ് പുള്ളിയുടെ ഏറ്റവും അടുത്ത ആളാണെന്ന്. അങ്ങനെയാണ് അതിന്റെ സത്യം. എന്നാൽ രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു മെസേജിലൂടെയോ ഒരു വിളി വഴിയോ അദ്ദേഹം ആ സൗഹൃദം നിലനിർത്താറുണ്ട്. അങ്ങനെ സിനിമയിൽ എനിക്കധികം അടുപ്പമുള്ള ആളുകളില്ല, അധികമില്ല എന്നല്ല ഒട്ടുമില്ല,’ അനൂപ് മേനോൻ പറഞ്ഞു.

സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെക്കുറിച്ചും അനൂപ് അഭിമുഖത്തിൽ പറഞ്ഞു. സിനിമയിലാണെങ്കിലും ജീവിതലത്തിലാണെങ്കിലും തന്നെ ഇൻഫ്ലുവെൻസ് ചെയ്ത ഒരാളാണ് രഞ്ജിതെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ കിങ് ഫിഷിൽ അഭിനയിപ്പിച്ചതെന്നും അനൂപ് പറഞ്ഞു.

‘ഓൺ സ്‌ക്രീനിൽ ആണെങ്കിലും ഓഫ് സ്‌ക്രീനിലാണെങ്കിലും ഞാൻ രഞ്ജിയേട്ടന്റെ ഫാനാണ് .
ഞാനതാണ് കിങ് ഫിഷിൽ രഞ്ജിയേട്ടനെ കാസ്റ്റ് ചെയ്യാൻ കാരണം. എനിക്ക് അറിയാവുന്ന രഞ്ജിയേട്ടനുണ്ട്. അയ്യപ്പനും കോഷിയും എടുത്ത് നോക്കിയാലും ബാക്കിയുള്ള എല്ലാ സിനിമയിലും ഒരു ടെറർ ലുക്കാണ് രഞ്ജിയേട്ടന്. അതല്ലാതെ ഒരു ലവ്വബ്ൾ ആയിട്ടുള്ള രഞ്ജിയേട്ടൻ ഉണ്ട്, അതാണ് ഞാൻ കിങ് ഫിഷിൽ കൊണ്ടുവരാൻ ശ്രമിച്ചത്. അദ്ദേഹമൊരു രസമുള്ള ആളാണ്.


രഞ്ജിയേട്ടൻ ഒരു റൈറ്റർ എന്നതിനേക്കാൾ എന്നെ ഇൻഫ്ലുവെൻസ് ചെയ്തിട്ടുള്ളത് ഒരു മനുഷ്യൻ എന്ന നിലയിലാണ്. അത്രത്തോളം നല്ല മനുഷ്യനാണെന്ന് അങ്ങനെ ആർക്കും അറിയില്ല. അദ്ദേഹം സഹായിക്കുന്ന ഒരുപാട് പേരുണ്ട് അതാർക്കും അറിയില്ല. ഞാനിത് പറയുന്നത് പോലും അദ്ദേഹത്തിന് ഇഷ്ടപ്പെടുമോ എന്നറിയില്ല,’ അനൂപ് മേനോൻ പറഞ്ഞു.

Content Highlight: Anoop menon about mohanlal and ranjith