| Monday, 25th April 2022, 1:24 pm

സുരഭിയുടെ സബ്യസാചി സാരിയെത്താന്‍ ലേറ്റായപ്പോള്‍ ഞാന്‍ ആ സ്‌ക്രിപ്റ്റ് വായിച്ചു; അങ്ങനെ ബെംഗളൂരു ബസില്‍ നിന്ന് മലയാള സിനിമയിലേക്ക് ബിബിനെ ഇറക്കി: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസ്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു നേടിയത്.

21 ഗ്രാംസിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ നടന്‍ അനൂപ് മേനോന്‍. അനൂപ് മേനോനെയും സുരഭി ലക്ഷ്മിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് മേനോന്‍ തന്നെ സംവിധാനം പത്മ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍ താരം.

എന്നാല്‍ ആ തിരക്കിനിടയിലും 21 ഗ്രാംസിന്റെ സ്‌ക്രിപ്റ്റ് വായിച്ചതിനെപ്പറ്റിയും അതില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനെപ്പറ്റിയുമാണ് അനൂപ് മേനോന്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.

”രാഘവ് ഈ സിനിമയുടെ കഥ പറയുകയല്ലായിരുന്നു. ഒരുദിവസം, പത്മ സിനിമ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഞാനിങ്ങനെ ഒരു സൈഡിലേക്ക് നോക്കിയപ്പോള്‍ അവിടെ ഒരു പയ്യന്‍. താടിയൊക്കെ നീട്ടിവളര്‍ത്തി മുടിയൊക്കെ കെട്ടി ഒരാള് നില്‍ക്കുന്നു. ഞാന്‍ അയാളെ നോക്കി ഹായ് പറഞ്ഞു. അവനും ഹായ് പറഞ്ഞു.

ഒരു മണിക്കൂര്‍ കഴിഞ്ഞ്, ഷൂട്ട് കഴിഞ്ഞ് ഞാന്‍ വീണ്ടും നോക്കിയപ്പോള്‍ അവന്‍ അവിടെത്തന്നെ ഉണ്ട്. അവന്‍ വീണ്ടും ഹായ് പറഞ്ഞു, ഞാനും ഹായ് പറഞ്ഞു.

ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം എന്റെയടുത്ത് വന്ന് പറഞ്ഞു, ഞാന്‍ നോബിള്‍ പറഞ്ഞിട്ട് വന്നതാണ്, എനിക്ക് ഒരു സ്‌ക്രിപ്റ്റ് പറയാനുണ്ട് എന്ന്.

മോനേ, ഞാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചുകൊണ്ടിരിക്കയാണ് ഇവിടെ പത്മ എന്ന സിനിമയില്‍. എനിക്ക് ഇത് തന്നെ മര്യാദക്ക് ചെയ്യാന്‍ പറ്റുന്നില്ല. അതിനിടക്ക് കഥ പറച്ചില്‍ നടക്കില്ല. നീ ഒരു കാര്യം ചെയ്യ് സ്‌ക്രിപ്റ്റ് ഇവിടെ വെച്ചിട്ട് പൊയ്‌ക്കോളൂ, എന്ന് പറഞ്ഞു.

ഇന്നാലോചിക്കുമ്പോള്‍ എന്റെ ഭാഗ്യത്തിന് അത് നടന്നു. ആ സമയത്ത് സുരഭിയുടെ സബ്യസാചി മുഖര്‍ജി സാരി വന്നില്ല. കൊറിയറിന്റെ ഇഷ്യൂ കൊണ്ട് അത് വന്നില്ല, അങ്ങനെ ഒരു മണിക്കൂര്‍ ഷൂട്ട് നേരം വൈകി. ആ സമയത്താണ് ഞാനിത് വായിക്കുന്നത്.

ഞാനിത് വായിച്ച് ഭയങ്കര എന്‍ഗ്രോസ്ഡ് ആയിപ്പോയി. സാധാരണ ഒരു സ്‌ക്രിപ്റ്റ് പത്ത് പേജൊക്കെ വായിച്ച് കൊള്ളില്ലെന്ന് തോന്നുമ്പോള്‍ അപ്പൊ മടക്കിവെക്കും.

ഇത് എനിക്ക് അങ്ങനെയായിരുന്നില്ല. ഒരു 50-60 പേജൊക്കെ എത്തിയപ്പോള്‍ ലാസ്റ്റ് പേജിലേക്ക് മറിച്ച് കില്ലര്‍ ആരാണെന്ന് അറിയാനുള്ള ഒരു തോന്നലുണ്ടായിരുന്നു.

പക്ഷെ, ഇന്ന് പ്രേക്ഷകര്‍ അനുഭവിക്കുന്ന ആ ക്ലൈമാക്‌സിലെ ത്രില്‍ അന്ന് സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് കിട്ടി. അപ്പോഴാണ് ഇത് ചെയ്യാന്‍ തീരുമാനിക്കുന്നത്.

ഞാന്‍ ആദ്യം എന്റെ വൈഫിനെ വിളിച്ച്, ഒരു ഉഗ്രന്‍ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട്, ഞാനത് ചെയ്യാണ്, എന്ന് പറഞ്ഞു.

പിന്നെ ഞാന്‍ വിളിച്ചത് ബിബിനെയാണ്. അവന്‍ തിരിച്ച് ബെംഗളൂരു ബസ് കേറാന്‍ നില്‍ക്കുകയായിരുന്നു. കേറണ്ട ഇറങ്ങിക്കോ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അവന്‍ മലയാളം സിനിമിലേക്ക് ബെംഗളൂരു ബസില്‍ നിന്നും ഇറങ്ങി,” അനൂപ് മേനോന്‍ പറഞ്ഞു.

ലിയോണ ലിഷോയ് നായികയായ 21 ഗ്രാംസില്‍ അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, ജീവ ജോസഫ്, രഞ്ജിത്, രണ്‍ജി പണിക്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Content Highlight: Anoop Menon about how he chose 21 grams movie script

We use cookies to give you the best possible experience. Learn more