| Wednesday, 11th October 2023, 4:01 pm

'അങ്ങനെ 120 കിലോ കുറച്ച് കിട്ടുന്ന സമ്മാനപൊതി എനിക്ക് വേണ്ട; അതിനപ്പുറമുള്ള സ്നേഹവും അംഗീകാരവും എനിക്ക് ലഭിക്കുന്നുണ്ട്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമകൾക്ക് വേണ്ടി താൻ മെയ്ക് ഓവർ ചെയ്യാറില്ലെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ. കഷ്ടപ്പെട്ട് തടി കുറച്ച് മെയ്ക് ഓവർ ചെയ്തിട്ടുള്ള സമ്മാനപ്പൊതി തനിക്ക് വേണ്ടെന്നും അതിനപ്പുറമുള്ള സ്നേഹവും അംഗീകാരവും തനിക്ക് ലഭിക്കുന്നുണ്ടെന്നും അനൂപ് മേനോൻ പറഞ്ഞു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.

‘എന്റെ അപ്പിയറൻസ് മാറ്റാൻ വേണ്ടി പരമാവധി ശ്രമിക്കാറില്ല. ഞാൻ 100 ശതമാനം പെർഫെക്ഷനിസ്റ്റ് അല്ല. അങ്ങനെ നമ്മൾ പോകുമ്പോഴാണ് മോഹഭംഗങ്ങൾ ഉണ്ടാകുന്നത്. ഇത്രയും കഷ്ടപ്പെട്ട് 120 കിലോയും കുറച്ച് നമ്മൾ ഒരു സാധനം ചെയ്തിട്ട് സമ്മാനപ്പൊതി കിട്ടിയില്ല എന്നൊരു കാര്യം നമുക്ക് വേണ്ട.

ആ സമ്മാനപൊതിയിലല്ല, അതിനപ്പുറം ഞാൻ ഡിസേർവ് ചെയ്യുന്നതിനേക്കാൾ സ്നേഹവും അംഗീകാരവും എനിക്ക് കിട്ടിയിട്ടുണ്ട്. അതിൽ സന്തോഷിക്കുക. അങ്ങനെ ചിന്തിക്കുന്ന ഒരുപാട് ആക്ടേഴ്‌സ് ഉണ്ട്. അതിലൊരു തെറ്റുമില്ല. പക്ഷേ ഞാൻ അങ്ങനെയല്ല എന്നാണ് പറഞ്ഞത്.

താടിയും മുടിയും നീട്ടി വളർത്തി ഒരു പടത്തിൽ, അതുപോലെ 120 കിലോ കുറച്ച് വേറൊരു പടത്തിൽ ഇതിന്റെയൊന്നും ആവശ്യമില്ലാതെയും നമുക്ക് പടം ചെയ്യാം. നമുക്ക് രസകരമായ ഒരുപാട് സിനിമകൾ ചെയ്യാം. ലോകത്തിലെ തന്നെ ബെസ്റ്റ് ഡയറക്ടേഴ്സിൽ ഒരാളാണ് ക്ലിന്റ് ഈസ്റ്റ് വുഡ്. ക്ലിന്റ് ഈസ്റ്റ് തന്റെ അപ്പിയറൻസിൽ ആദ്യം അഭിനയിച്ചത് മുതൽ ഇന്ന് വരെ ഒരു മാറ്റവും കൊണ്ടുവന്നിട്ടില്ല. അങ്ങനെ ഒരുപാട് പേരുണ്ട്. അതും ഉപജീവനത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്. ഞാൻ ആ കഥയി ലുള്ള ആളാണ്, ഇപ്പുറത്തെ കഥയിലില്ല,’ അനൂപ് മേനോൻ പറഞ്ഞു.

സിനിമയിൽ വന്നതിനുശേഷം ആരെങ്കിലും തടി കുറക്കണം എന്ന് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നോട് ഇത് വരെ ആരും അങ്ങനെ പറഞ്ഞിട്ടില്ല എന്നായിരുന്നു അനൂപ് മേനോന്റെ മറുപടി.

‘എന്നോട് ഇതുവരെ ഒരു സംവിധായകനും അങ്ങനെ പറഞ്ഞിട്ടില്ല. ട്രാഫിക് ചെയ്യുന്ന സമയത്ത് ഞാൻ അതിൽ ഒരു പോലീസ് ഓഫീസർ ആണ്, ആ സമയത്ത് എനിക്കുണ്ടായിരുന്നു തടി ഓക്കെ ആയിരുന്നു. അത് കഴിഞ്ഞ് വിക്രമാദിത്യൻ ചെയ്യുമ്പോൾ ലാൽ ജോസിന് എന്റെ തടി ഓക്കെയായിരുന്നു. എന്നോട് ഇതുവരെ ആരും തടി കുറക്കാൻ പറഞ്ഞിട്ടില്ല,’ അനൂപ് മേനോൻ മറുപടി പറഞ്ഞു.

Content Highlight: Anoop menon about his makeover in movies

We use cookies to give you the best possible experience. Learn more