| Monday, 25th September 2023, 4:13 pm

എനിക്ക് മോഹന്‍ലാലിന്റെ രൂപസാദൃശ്യം ഉണ്ട്; അഭിനയത്തില്‍ അദ്ദേഹത്തെ അനുകരിക്കുന്നതായി തോന്നുന്നത് അതുകൊണ്ടാവാം: അനൂപ് മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയത്തില്‍ മോഹന്‍ലാലിനെ അനുകരിക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി നടന്‍ അനൂപ് മേനോന്‍. ഏതൊരു അഭിനേതാവിനേയും അവര്‍ക്ക് മുന്‍പേ വന്നവര്‍ സ്വാധീനിക്കുമെന്നും അഭിനയത്തില്‍ അതൊന്നും പുതിയ കാര്യമല്ലെന്നുമായിരുന്നു അനൂപ് മേനോന്റെ മറുപടി. മോഹന്‍ലാലിന്റെ അഭിനയം അനുകരിക്കുകയാണെന്ന് പലര്‍ക്കും തോന്നുന്നത് തനിക്ക് മോഹന്‍ലാലിന്റെ രൂപസാദൃശ്യം കൂടി ഉള്ളതുകൊണ്ടാവാം എന്നായിരുന്നു കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അനൂപ് മേനോന്‍ പറഞ്ഞത്.


ഒരു ടീച്ചര്‍ ഇല്ലാതെ, ഒരു പഠനം ഇല്ലാതെ വരുന്ന എല്ലാവരിലും എല്ലാവരും ഉണ്ട്. അത് ഏറിയും കുറഞ്ഞും ഇരിക്കും എന്നേയുള്ളൂ. മോഹന്‍ലാലുമായി എനിക്ക് മുഖസാമ്യം ഉള്ളതുകൊണ്ട് ഞാന്‍ അദ്ദേഹത്തെ അനുകരിക്കുകയാണെന്ന് ചിലര്‍ പറയുന്നു.

എന്നെ ഒരുപാട് സ്വാധീനിച്ച നടന്മാരാണ് അമിതാഭ് ബച്ചനും കമല്‍സാറും രജനിസാറുമൊക്കെ. ഇതൊക്കെ എല്ലാവരും ചെയ്യുന്നതാണ്. ആ സമയത്തുള്ള എല്ലാ ആക്ടേഴ്‌സിനും നമ്മള്‍ തുടങ്ങുന്ന സമയത്ത് ഒരു ഐക്കണ്‍ ഉണ്ടാകും. ആ ടീച്ചറിനെ വെച്ചായിരിക്കും നമ്മള്‍ തുടങ്ങുന്നത്.

കമല്‍ ഹാസന്‍ തുടങ്ങുന്നത് ശിവാജി ഗണേശനെ കണ്ടിട്ടാണ്. ഇപ്പോഴും ശിവാജി ഗണേശന്റെ കാര്യങ്ങള്‍ കാണുമ്പോള്‍ ഇത് കമല്‍സാര്‍ ചെയ്യുന്നതാണല്ലോ എന്ന് തോന്നും. അത്തരത്തില്‍ എല്ലാവരിലും സ്വാധീനമുണ്ട്. അത് മാറി മാറി വരും. ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത് കുറഞ്ഞു കുറഞ്ഞുവരും. റിഫൈന്‍ഡ് ആയുള്ള പരിപാടിയിലേക്ക് നമ്മള്‍ എത്തും. ഇന്നും ശിവാജി ഗണേശന്‍ സാറിന്റെ റിഫ്‌ളക്ഷന്‍ കമല്‍ഹാസനിലുണ്ട്. ബച്ചന്റേയും ദിലീപ് കുമാറിന്റേയും സാധനങ്ങള്‍ ഷാരൂഖ് ഖാനിലുമുണ്ട്. അതൊരു നോര്‍മല്‍ പ്രോസസാണ്,’ അനൂപ് മേനോന്‍ പറഞ്ഞു.

മോഹന്‍ലാലിന്റെ ആറാം തമ്പുരാനിലെ ഫൈറ്റ് സീനുകള്‍ മാത്രമാണ് താന്‍ ആകെ ആസ്വദിച്ചു കണ്ട ഒരു ഫൈറ്റ് സീനെന്നും അനൂപ് മേനോന്‍ പറഞ്ഞു.

‘ആറാം തമ്പുരാനിലെ ഇടികള്‍ക്ക് വരെ ഒരു തരം ഭംഗിയുണ്ട് കീരിക്കാടനുമായിയുള്ള ആ ഫൈറ്റ് സീനില്‍ ഒരു മഴയുണ്ട്. ലാലേട്ടന്‍ ആ പിള്ളേരുമായി കളിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ട് ആ ചന്തയിലേക്ക് വിളിച്ചുകൊണ്ടു പോകുന്നു. അപ്പോള്‍ അവിടെയും മഴ. അതിനൊരു ദൃശ്യ ഭംഗിയുണ്ട്. വെറുതെ ഇടിക്കാനായി അടിയുണ്ടാക്കുന്നതല്ല. അതിനൊരു ഭംഗിയുണ്ട്. ഷാജി കൈലാസ് അങ്ങനെയാണ് ആ സിനിമ എടുത്തിരിക്കുന്നത്,’ അനൂപ് മേനോന്‍ പറഞ്ഞു.

താന്‍ ഒരു നോണ്‍ വയലന്റായിട്ടുള്ള ആളാണെന്നും തന്റെ സിനിമകളില്‍ നിന്നും ഫൈറ്റ് സീനുകള്‍ പരമാവധി ഒഴിവാക്കുന്നതിനെ പറ്റിയും അഭിമുഖത്തില്‍ അനൂപ് മേനോന്‍ സംസാരിക്കുന്നുണ്ട്.

ഫൈറ്റ് സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എന്തായാലും ഫൈറ്റര്‍ക്ക് ഇടികൊള്ളുമെന്നും അത് കണ്ട് നില്‍ക്കാല്‍ തനിക്ക് പറ്റിലെന്നുമാണ് അനൂപ് മേനോന്‍ പറയുന്നത്.

‘ഞാന്‍ ഒരു നോണ്‍ വയലന്റായിട്ടുള്ള ആളാണ്. എനിക്ക് ഒരാളെ ഉപദ്രവിക്കുന്നത് ഒന്നും അധികം കണ്ടു നില്‍കാന്‍ പറ്റില്ല. ഫൈറ്റ് ഉള്ളതുകൊണ്ട് മാത്രം ഒരുപാട് സിനിമകളില്‍ നിന്ന് ഞാന്‍ ഒഴിവായിട്ടുണ്ട്. എന്തായാലും ഫൈറ്റര്‍ക്ക് ഇടികൊള്ളും അതില്‍ ഒരു സംശയവുമില്ല. ഇടികൊള്ളുന്നത് മാത്രമല്ല സ്റ്റെപ്പില്‍ നിന്ന് വീണ് മറിച്ചിട്ട് നടുവും പൊള്ളിഞ്ഞ് ഇരുന്ന് കരയുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. നായകന് ജയിക്കാന്‍ വേണ്ടി മാത്രമാണ് ഇവര്‍ ഈ ഇടി കൊള്ളുന്നത്.

ശരിയാണ്. അത് അവരുടെ ജോലിയാണ്. അവര്‍ക്ക് അതിന് കാശ് കിട്ടുന്നുണ്ട്. എന്നാലും എനിക്കത് കാണാന്‍ വലിയ പാടാണ്. അതുകൊണ്ട് എന്റെ സിനിമകളില്‍ ഒന്നും ഫൈറ്റ് ഉണ്ടാകാറില്ല. ഇപ്പോള്‍ തന്നെ വരാല്‍ എന്ന സിനിമയില്‍ വെറുതെ ഒരു ഫൈറ്റ് എടുത്തിട്ടുണ്ട്. അത് ശരിക്കും സിനിമയിലില്ല. അന്നും ഞാന്‍ ശശിയേട്ടന്റെ അടുത്ത് പറഞ്ഞത് കഴിവതും ഇവരെയൊക്കെ നല്ല ബെഡ്ഡിട്ട് ശരിയാക്കി ഫൈറ്റ് സീനെടുക്കണം എന്നാണ്. അല്ലാതെ എനിക്കത് കാണാന്‍ ഭയങ്കര പാടാണ്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Anoop menon about His acting Similarities with Mohanlal

We use cookies to give you the best possible experience. Learn more